രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യൻ സമാജ്‍വാദി പാർട്ടിയിൽ
സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും സംസ്ഥാന നേതാക്കളുടേയും സാന്നിധ്യത്തിൽ ധർമേന്ദ്ര പ്രതാഭ് സിങ് പാർട്ടി അംഗത്വമെടുത്തു
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനായ ധർമേന്ദ്ര പ്രതാഭ് സിങ് സമാജ് വാദി പാർട്ടിയിൽ ചേർന്നു. കഴിഞ്ഞ ദിവസമാണ് സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെയും സംസ്ഥാന നേതാക്കളുടേയും സാന്നിധ്യത്തിൽ ധർമേന്ദ്ര പ്രതാഭ് സിങ് പാർട്ടിയിൽ അംഗത്വമെടുത്തത്. ഉത്തർ പ്രദേശിലെ പ്രതാഭ് ഘട്ട് സ്വദേശിയാണ് ധർമേന്ദ്ര പ്രതാഭ് സിങ്. സമാജ്‍വാദി പാർട്ടി സംസ്ഥാന പ്രസിഡണ്ട് നരേഷ് പട്ടേലാണ് ഇദ്ദേഹത്തിന്റെ പാർട്ടി പ്രവേശം പ്രഖ്യാപിച്ചത്. ധർമേന്ദ്ര പ്രതാഭ് സിങിന്റെ വരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് നരേഷ് പട്ടേൽ പറഞ്ഞു.
അഖിലേഷ് യാദവിന്റെ നേതൃത്വത്തിലും സമാജ്‍വാദി പാർട്ടിയുടെ നയങ്ങളിലും ആകൃഷ്ടനായാണ് ധർമേന്ദ്ര പ്രതാഭ് സിങ് പാർട്ടിയിൽ അംഗത്വമെടുത്തതെന്നും അദ്ദേഹത്തിന്റെ വരവ് പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും സമാജ്‍വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം ധർമേന്ദ്രയെ പ്രയോജനപ്പെടുത്താനാണ് പാർട്ടിയുടെ തീരുമാനം.
രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനുള്ള റെക്കോർഡ് തന്റെ പേരിൽ കുറിച്ച ധർമേന്ദ്രയുടെ ഉയരം എട്ടടി ഒരിഞ്ചാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യന് ഇദ്ദേഹത്തേക്കാൾ 11 സെന്റീമീറ്റർ കൂടുതൽ ഉയരമുണ്ട്.
ഫെബ്രുവരി പത്തിനും മാർച്ച് ഏഴിനുമിടയിൽ ഏഴു ഘട്ടങ്ങളായാണ് ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് പത്തിനാണ് വോട്ടെണ്ണൽ.