ദക്ഷിണേന്ത്യയിൽനിന്ന് മത്സരിക്കാൻ മോദി; രാമനാഥപുരത്തുനിന്ന് ജനവിധി തേടുമെന്ന് സൂചന
മുസ്‌ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമാണ് രാമനാഥപുരം.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടിലെ രാമനാഥപുരത്തുനിന്ന് മത്സരിക്കുമെന്ന് സൂചന. ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് കൂടുതൽ പ്രാധാന്യം നൽകാൻ മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നിരുന്നു. അതിന്റെ സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഉത്തർപ്രദേശിലെ വരാണസി തന്നെയായിരിക്കും മോദിയുടെ പ്രഥമ മണ്ഡലം.
രാമേശ്വരം ക്ഷേത്രം നിലനിൽക്കുന്നത് രാമനാഥപുരത്താണ്. തമിഴ്‌നാട്ടിലെത്തുമ്പോഴും, അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന വേളയിലും മോദി രാമേശ്വരം സന്ദർശിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ സിറ്റിങ് മണ്ഡലമാണ് രാമനാഥപുരം. മുസ്‌ലിം ലീഗിന്റെ നവാസ് കനിയാണ് നിലവിൽ രാമനാഥപുരം എം.പി. അടുത്ത തെരഞ്ഞെടുപ്പിലും നവാസ് കനി തന്നെയാണ് രാമനാഥപുരത്ത് ഇൻഡ്യ മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്നത്.
2019ൽ 1,27,122 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് നവാസ് കനി വിജയിച്ചത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന നൈനാർ നാഗേന്ദ്രനായിരുന്നു രണ്ടാം സ്ഥാനത്ത്. നവാസ് കനി 4,69,943 വോട്ട് നേടിയപ്പോൾ 3,42,821 വോട്ടാണ് നൈനാർ നാഗേന്ദ്രൻ നേടിയത്.
ദക്ഷിണേന്ത്യയിൽ ബി.ജെ.പിക്ക് കാര്യമായ നേട്ടമുണ്ടാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് ഭരണം പിടിച്ചതോടെ ദക്ഷിണേന്ത്യയിലേക്ക് കയറാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങൾ നിലച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോദിയെ മത്സരരംഗത്തിറക്കി പുതിയ നീക്കങ്ങൾ നടത്താൻ ബി.ജെ.പി ആലോചിക്കുന്നത്.