മൂന്നാം ഭാര്യക്ക് മകനെ ഇഷ്ടമല്ല; ഏഴുവയസുകാരനെ പിതാവ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി
ജില്ലയിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇൻഡോറിൽ ചൊവ്വാഴ്ച ഏഴു വയസുകാരനെ പിതാവ് കൊലപ്പെടുത്തിയത് മൂന്നാം ഭാര്യയുടെ സമ്മര്‍ദ്ദം മൂലമെന്ന് പൊലീസ്. മൂന്നാം ക്ലാസുകാരനായ പ്രതീക് മുണ്ടെയെയാണ് പിതാവ് കൊലപ്പെടുത്തിയത്. ജില്ലയിലെ തേജാജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ലിംബോഡി പ്രദേശത്താണ് സംഭവം.
സാധാരണയായി പ്രതീക് മുത്തശ്ശിക്കും മുത്തശ്ശനുമൊപ്പമാണ് ഉറങ്ങിയിരുന്നത്. സംഭവം നടന്ന ദിവസം ഞായറാഴ്ച പിതാവ് ശശിപാല്‍ മുണ്ടെ(26) കുട്ടിയോട് കൂളര്‍ ഉള്ള മുറിയില്‍ തന്നോടൊപ്പം ഉറങ്ങാന്‍ ആവശ്യപ്പെട്ടു. കൂളറെന്ന കേട്ട കുട്ടി സന്തോഷത്തില്‍ അച്ഛന്‍റെ മുറിയിലേക്ക് ഉറങ്ങാനായി പോയി. മകൻ ഉറങ്ങിയപ്പോൾ ശശിപാൽ ടിവിയുടെ ശബ്ദം കൂട്ടുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാര്യയെ വീഡിയോ കോൾ ചെയ്യാൻ ശ്രമിച്ചെങ്കിലും അവര്‍ ഫോണെടുത്തില്ലെന്നും ശശിപാല്‍ പറഞ്ഞു. മകനെ ശശിപാൽ കൊലപ്പെടുത്തിയ ശേഷം തെളിവിനായി വീഡിയോ മൂന്നാം ഭാര്യ പായലിന്‍റെ വാട്ട്സാപ്പിലേക്ക് അയച്ചുകൊടുത്തു. എന്നാല്‍ പായല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിനാല്‍ അവര്‍ വീഡിയോ കണ്ടില്ല. തിങ്കളാഴ്ച രാവിലെ മുത്തശ്ശി കുട്ടിയെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു.
കൊലപാതകത്തിനു ശേഷം ശശിപാല്‍ ഒളിവില്‍ പോവുകയും ചെയ്തു. ശശിപാലിനെയും പായലിനെയും ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു. ''മകന്‍ മരിച്ചുകിടക്കുന്ന വീഡിയോ ഞാന്‍ പായലിന് അയച്ചിരുന്നു. അവനെ ഞാന്‍ കൊന്നതിനാല്‍ ഇനിയൊരിക്കലും എന്‍റെ മകന്‍ അവളെ ശല്യപ്പെടുത്തില്ല'' ശശിപാല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പായൽ അടുത്തിടെ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയിരുന്നു. ആദ്യവിവാഹത്തിലെ മകനായ പ്രതീകിനെ ഒഴിവാക്കിയില്ലെങ്കിൽ മാതാപിതാക്കളുടെ വീട്ടിൽ നിന്ന് മടങ്ങിവരില്ലെന്ന് യുവതി ശശിപാലിനോട് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ആദ്യനാള്‍ മുതല്‍ പായലിന് പ്രതീകിനോട് താല്‍പര്യമില്ലായിരുന്നു. കുട്ടിയുടെ പേരില്‍ ഭര്‍ത്താവിനോട് നിരന്തരം വഴക്കിട്ടിരുന്നതായും പോലീസ് ഓഫീസർ ജയ്‍വീര്‍ സിംഗ് ഭദോറിയ പറഞ്ഞു. പ്രതീകിനോ വീട്ടില്‍ നിന്നും മാറ്റുകയോ കൊല്ലുകയോ ചെയ്‌താൽ മാത്രമേ താൻ മടങ്ങിവരൂവെന്ന് പായൽ ഭർത്താവിനോട് പറഞ്ഞിരുന്നുവെന്നും ഭദോറിയ പറഞ്ഞു.
ശശിപാൽ മുണ്ടെയുടെ മൊബൈൽ ഫോണിൽ നിന്നാണ് കൊലപാതകത്തിന്‍റെ വീഡിയോ ക്ലിപ്പ് കണ്ടെത്തിയത്.കുറ്റകൃത്യവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് പായൽ പറഞ്ഞു. ഏഴു വയസുള്ള മകനെ കൊല്ലാൻ ഞാൻ ഭർത്താവിനോട് പറഞ്ഞിട്ടില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.