ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി രാജിവച്ചു
രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനം അവസാനിപ്പിച്ചാണ് ജോഷി ഇൻഫോസിസിൽനിന്ന് പടിയിറങ്ങുന്നത്
ന്യൂഡൽഹി: ഇൻഫോസിസ് പ്രസിഡന്റ് മോഹിത് ജോഷി കമ്പനി വിട്ടു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സേവനം അവസാനിപ്പിച്ചാണ് ജോഷി ഇൻഫോസിസിൽനിന്ന് ഇറങ്ങുന്നത്. രാജിക്കു പിന്നാലെ ടെക് മഹീന്ദ്രയുടെ മാനേജിങ് ഡയരക്ടർ-സി.ഇ.ഒ ആയി അദ്ദേഹം ചുമതലയേൽക്കുകയും ചെയ്തു.
ഇൻഫോസിസ് തന്നെയാണ് മോഹിത് ജോഷി കമ്പനി വിടുന്ന വിവരം പുറത്തുവിട്ടത്. 2000ത്തിൽ കമ്പനിയോടൊപ്പം ചേർന്ന അദ്ദേഹം ഫിനാൻഷ്യൽ സർവിസസ്, ഹെൽത്ത് കെയർ, ലൈഫ് സയൻസസ് വിഭാഗത്തിന്റെ ചുമതലയാണ് വഹിച്ചിരുന്നത്. ഇൻഫോസിസിന്റെ സോഫ്റ്റ്‌വെയർ കമ്പനിയായ 'എഡ്ജ്‌വെർവ്' ചെയർമാനുമായിരുന്നു. കമ്പനിക്കു കീഴിലുള്ള ആഗോള ബാങ്കിങ് പ്ലാറ്റ്‌ഫോമായ 'ഫിനാക്കിളി'ന്റെ മേൽനോട്ടം വഹിച്ചിരുന്നതും അദ്ദേഹമാണ്.
ഡൽഹി സർവകലാശാലയുടെ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ചരിത്രത്തിൽ ബിരുദം നേടിയ മോഹിത് ജോഷി മാനേജ്‌മെന്റ് വിഭാഗത്തിൽനിന്ന് എം.ബി.എയും സ്വന്തമാക്കിയിട്ടുണ്ട്. മുൻപ് എ.എൻ.ഇസെഡ് ഗ്രിൻഡ്‌ലെയ്‌സ്, എ.ബി.എൻ ആംറോ എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്.
Summary: Infosys President Mohit Joshi resigns and join Tech Mahindra as MD and CEO