'മുസ്‌ലിം പെൺകുട്ടികളെ അപമാനിക്കുന്ന നടപടി'; രാഹുൽ ഗാന്ധി വളർത്തുനായയ്ക്ക് 'നൂരി' എന്ന് പേരിട്ടതിനെതിരെ എഐഎംഐഎം നേതാവ്
നായയെ കൊണ്ടുവരികയും മാതാവിന് കൈമാറുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് എഐഎംഐഎം നേതാവിന്റെ വിമർശനം.
ന്യൂഡൽഹി: രാഹുൽ ഗാന്ധി വളർത്തുനായയ്ക്ക് 'നൂരി' എന്ന് പേരിട്ടതിനെതിരെ എഐഎംഐഎം നേതാവ്. 'മുസ്‌ലിം പെൺകുട്ടികളെ അപമാനിക്കുന്നതാണ് നായയ്ക്ക് അത്തരമൊരു പേരിട്ട നടപടിയെന്ന് ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ നേതാവ് മുഹമ്മദ് ഫർഹാൻ ആരോപിച്ചു.
ഗോവയിൽ നിന്ന് മാതാവ് സോണിയാഗാന്ധിക്ക് സർപ്രൈസായി കൊണ്ടുകൊടുത്ത ജാക്ക് റസ്സൽ ടെറിയർ നായക്കുട്ടിക്കാണ് 'നൂരി' എന്ന് പേരിട്ടത്. നായയെ കൊണ്ടുവരികയും മാതാവിന് കൈമാറുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് എഐഎംഐഎം നേതാവിന്റെ വിമർശനം.
'വളർത്തുനായയ്ക്ക് 'നൂരി' എന്ന് പേരിട്ട രാഹുൽ ഗാന്ധിയുടെ നടപടി അപലപനീയവും ലജ്ജാകരവുമാണ്. നായയ്ക്ക് 'നൂരി' എന്ന് പേരിട്ടത് അതേ പേരിലുള്ള മുസ്‌ലി പെൺകുട്ടികൾക്ക് അപമാനമാണ്. മുസ്‌ലി സമുദായത്തോടും പെൺകുട്ടികളോടും ഗാന്ധി കുടുംബത്തിന്റെ ബഹുമാനത്തെ പ്രതികൂലമായി പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനം'- എഐഎംഐഎം നേതാവ് പറഞ്ഞു.
ഗോവയിൽ നിന്ന് നായ്ക്കുട്ടിയെ ദത്തെടുത്തതും വിമാനത്തിൽ അമ്മയ്ക്ക് സമ്മാനമായി ഡൽഹിയിലേക്ക് കൊണ്ടുവരുന്നതും വീട്ടിലെത്തി സോണിയയ്ക്ക് കൈമാറുന്നതും കാണിക്കുന്ന വീഡിയോ രാഹുൽ ഗാന്ധി തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ചിട്ടുണ്ട്. 'നൂരി ഗോവയിൽ നിന്ന് നേരെ ഞങ്ങളുടെ കൈകളിലേക്ക് പറന്നു. ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമായി അവൾ മാറി'- രാഹുൽ ഗാന്ധി വീഡിയോയിൽ പറയുന്നു.
വീഡിയോയിൽ സോണിയഗാന്ധി നൂരിയെ കൈയിലെടുത്ത് 'അവൾ വളരെ സുന്ദരിയാണ്' എന്ന് പറയുന്നതും മകന് നന്ദി അറിയിക്കുന്നതും കാണാം. 'ലാപ്പോ' എന്ന് പേരുള്ള മറ്റൊരു വളർത്തുനായയും സോണിയാഗാന്ധിക്കുണ്ട്.