പ്രവാചക നിന്ദ: ഇന്ത്യ നൽകിയ മറുപടിയിൽ തൃപ്തരെന്ന് ഇറാൻ
പ്രവാചക നിന്ദ വിവാദമായ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ കാൺപൂരിലും ആന്ധ്രാ പ്രദേശിലും ബിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു
ന്യൂഡല്‍ഹി: പ്രവാചക നിന്ദയിൽ ഇന്ത്യ നൽകിയ മറുപടിയിൽ തൃപ്തിയെന്ന് ഇറാൻ. ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇറാൻ വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാന്‍റെ പ്രതികരണം. ലോക രാഷ്ട്രങ്ങൾ പ്രതിഷേധം കടുപ്പിച്ചതോടെ ആണ് നൂപുർ ശർമയ്ക്കും നവീൻ ജിൻഡാലിനും എതിരെ പൊലീസ് കേസ് എടുത്തത്.സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കൽ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ്. മുൻ ബിജെപി നേതാക്കളായ ഇരുവർക്കും എതിരെ ഇന്ത്യ സ്വീകരിച്ച നടപടിയാണ് അജിത്ത് ഡോവൽ ഇറാൻ വിദേശകാര്യ മന്ത്രിക്ക് വിശദീകരിച്ച് നൽകിയത്. ഇന്നലെ വൈകിട്ടാണ് ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി കൂടിക്കാഴ്ച നടത്തിയത്. ഇന്ത്യാ ഇറാൻ നയതന്ത്ര വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് അബ്ദുല്ലാഹിയാൻ്റെ ത്രിദിന ഇന്ത്യാ സന്ദർശനത്തിൻ്റെ ലക്ഷ്യം. പ്രവാചക നിന്ദ നടത്തിയവർക്ക് എതിരെ ഇന്ത്യ സ്വീകരിച്ച നടപടികളിൽ മുസ്‍ലിം സമൂഹം തൃപ്തരാണ് എന്ന് അബ്ദുല്ലാഹിയാൻ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
പ്രവാചക നിന്ദയിൽ ബി.ജെ.പി മുൻ വക്താവ് നുപുർ ശർമയ്ക്കും നവീൻ ജിൻഡാലിനുമെതിരെ ഡൽഹി സൈബർ പൊലീസും കേസെടുത്തിരുന്നു. പ്രവാചക നിന്ദ വിവാദമായ സാഹചര്യത്തിൽ ഉത്തർപ്രദേശിലെ കാൺപൂരിലും ആന്ധ്രാ പ്രദേശിലും ബിജെപി നേതാക്കൾ അറസ്റ്റിലായിരുന്നു. അതിനിടെ മൽസ്പർധ സൃഷ്ടിക്കുന്ന പരാമർശത്തിൽ അസദുദ്ദീൻ ഒവൈസി, സ്വാമി യതി നരസിംഹാനന്ദ എന്നിവർക്ക് എതിരെയും ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.