'ചർച്ചയിൽ അപമാനിച്ചു, മീഡിയവണിനോട് പ്രതികരിക്കില്ല'; അനിൽ കെ ആന്റണി
പാർട്ടി താത്പര്യത്തെക്കാൾ രാജ്യതാത്പര്യമാണ് തനിക്ക് വലുതെന്നായിരുന്നു അനിൽ മീഡിയവൺ സ്പെഷ്യൽ എഡിഷനിൻ പറഞ്ഞത്
ന്യൂഡൽഹി: കോൺഗ്രസ് പദവികളിൽ നിന്ന് രാജിവെച്ചതിനെ കുറിച്ച് മീഡിയവണിനോട് പ്രതികരിക്കില്ലെന്ന് അനിൽ കെ ആന്റണി. ഇന്നലെ നടന്ന ചാനൽ ചർച്ചയിൽ തന്നെ അപമാനിച്ചെന്നും അതുകൊണ്ടാണ് പ്രതികരിക്കാത്തതെന്നും അനിൽ പറഞ്ഞു.
ഇന്നലെ മീഡിയവൺ സ്‌പെഷ്യൽ എഡിഷനിലെ അനിലിന്റെ പരാമർശം വിവാദമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററിയെ കുറിച്ചിട്ട ട്വീറ്റ് വിവാദമായതിനെ തുടർന്ന് കോൺഗ്രസ് പദവികൾ അനിൽ കെ ആന്റണി രാജിവെച്ചിരുന്നു. ഇന്ന് രാവിലെയാണ് രാജിവെച്ച വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.
പാർട്ടി താത്പര്യത്തെക്കാൾ രാജ്യതാത്പര്യമാണ് തനിക്ക് വലുതെന്നായിരുന്നു അനിൽ ഇന്നലെ നടന്ന മീഡിയവൺ സ്പെഷ്യൽ എഡിഷനിൻ പറഞ്ഞത്. ബി.ബി.സിയെക്കാൾ രാജ്യത്തെ സ്ഥാപനങ്ങളെയാണ് തനിക്ക് വിശ്വാസമെന്ന് അനിൽ പറഞ്ഞിരുന്നു.
ബി.ബി.സി ഡോക്യുമെന്ററി വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച അനിൽ ആന്റണിയെ കോൺഗ്രസും യൂത്ത് കോൺഗ്രസും തള്ളിയിരുന്നു.കോൺഗ്രസിനുള്ളിൽ നിന്ന് എതിർപ്പ് ശക്തമായതിനെ തുടർന്നാണ് അദ്ദേഹം രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്.
അഭിപ്രായ സ്വാതന്ത്രത്തിന് വേണ്ടി പോരാടുന്നവർ ഒരു ട്വീറ്റിന്റെ പേരിൽ അസഹിഷ്ണുത കാണിക്കുകയാണെന്നും ട്വീറ്റ് പിൻവലിക്കാനുള്ള അവരുടെ ആവശ്യം താൻ തള്ളിയെന്നും രാജിക്കത്ത് പങ്കുവെച്ചുകൊണ്ട് അനിൽ കുറിച്ചു. കെ.പിസിസി ഡിജിറ്റൽ മീഡിയ കൺവീനർ , എ.ഐ.സി.സി മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ നാഷണൽ കോഓർഡിനേറ്റർ പദവികളില്‍ നിന്നാണ് അനില്‍ രാജിവെച്ചത്. പദവി ഒഴിഞ്ഞത് അംഗീകരിക്കുന്നതായി കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു.