ജമ്മു കശ്മീർ തെരഞ്ഞെടുപ്പ്: ബാരാമുല്ല എം.പി എൻജിനീയർ റാഷിദിന് ഇടക്കാല ജാമ്യം
2017ലാണ് തീവ്രവാദ ഫണ്ടിങ് കേസിൽ ഇദ്ദേഹത്തെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്
ന്യൂഡൽഹി: ജയിലിൽ കഴിയുന്ന ബാരാമുല്ല എം.പി ഷെയ്ഖ് റാഷിദ് എന്ന എൻജിനീയർ റാഷിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി പാട്യാല ഹൗസ് കോടതി. ഒക്ടോബർ രണ്ട് വരെയാണ് ജാമ്യം.
2017ലാണ് തീവ്രവാദ ഫണ്ടിങ് കേസിൽ യുഎപിഎ ചുമത്തി ഇദ്ദേഹത്തെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. 2019 മുതൽ ഇദ്ദേഹം ഡൽഹി തിഹാർ ജയിലിലാണ്. ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഇദ്ദേഹം കോടതിയെ സമീപിച്ചത്.
അവാമി ഇത്തിഹാദ് പാർട്ടി നേതാവായ ഇദ്ദേഹം ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബാരാമുല്ലയിൽനിന്ന് മുൻ മുഖ്യമന്ത്രി ഉമർ അബ്ദുല്ലയെ പരാജയപ്പെടുത്തിയാണ് ലോക്സഭയിലെത്തുന്നത്. സ്വതന്ത്രനായിട്ടായിരുന്നു മത്സരിച്ചത്. ലോക്സഭയിൽ എംപിയായി സത്യപ്രതിജ്ഞ ചെയ്യാൻ കോടതി ഇദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
2008ലും 2014ലും ഇദ്ദേഹം നിയമസഭയിലേക്ക് ലാംഗേറ്റ് മണ്ഡലത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അവാമി ഇത്തിഹാദ് പാർട്ടി കശ്മീർ മേഖലയിൽ 47ൽ 40-42 സീറ്റിലും ജമ്മുവിൽ 5-8 സീറ്റിലും സ്ഥാനാർഥികളെ നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. എൻജിനീയർ റാഷിദിന് ജാമ്യം അനുവദിച്ചത് പാർട്ടിക്ക് വലിയ ആത്മവിശ്വാസമേകും. അതേസമയം, എൻജിനീയർ റാഷിദിന്റെ പാർട്ടിക്ക് ബിജെപിയുടെ പിന്തുണയുണ്ടെന്ന് പിഡിപി നേതാവും മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.