വ്യാജ വാർത്ത കേസ്: സുധീർ ചൗധരിക്കെതിരെ അന്വേഷണം തുടരാമെന്ന് കർണാടക ഹൈക്കോടതി

എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആജ് തക് ടി.വിയും സുധീർ ചൗധരിയും നൽകിയ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്

Update: 2023-09-15 10:28 GMT
Editor : Shaheer | By : Web Desk

സുധീർ ചൗധരി

Advertising

ബംഗളൂരു: 'ആജ് തക്' അവതാരകൻ സുധീർ ചൗധരിക്കെതിരായി അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കർണാടക ഹൈക്കോടതി. സർക്കാർ പദ്ധതികളെക്കുറിച്ച് വ്യാജ വാർത്ത പ്രചരിപ്പിച്ചതായുള്ള കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്ന് കോടതി വാക്കാൽ അറിയിച്ചു. കർണാടക പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധീറും ആജ് തകും നൽകിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ചാനലിൽ കർണാടക സർക്കാരിന്റെ പദ്ധതിയെ കുറിച്ച് തെറ്റായ പ്രചാരണം നടത്തിയെന്ന പരാതിയിൽ സെപ്റ്റംബർ 13നാണ് പൊലീസ് കേസെടുത്തത്. മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾക്കു മാത്രമായി പ്രത്യേക വാഹന സബ്‌സിഡി നൽകുന്നുവെന്നായിരുന്നു പ്രചാരണം. കർണാടക ന്യൂനപക്ഷ വികസന കോർപറേഷന്റെ പദ്ധതി ഹിന്ദുക്കൾക്കെതിരായ വിവേചനമാണെന്നും സുധീർ ചൗധരി ചാനലിലെ ഒരു പരിപാടിയിൽ വാദിച്ചിരുന്നു.

''അതീവ ദരിദ്രനും ഹിന്ദുവും ആണെങ്കിൽ കൈയിൽ പണമില്ലെങ്കിലും വാഹനം വാങ്ങാൻ സബ്‌സിഡി ലഭിക്കില്ല. എന്നാൽ, മുസ്‌ലിം, സിഖ്, ബുദ്ധ വിഭാഗത്തിലാണെങ്കിൽ സബ്‌സിഡി ലഭിക്കും''-ഇങ്ങനെയായിരുന്നു സുധീർ ചൗധരിയുടെ വാദം. എന്നാൽ, എസ്.സി/എസ്.ടി വിഭാഗക്കാർക്കും പിന്നാക്ക സമുദായക്കാർക്കും ഇതേ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് സിദ്ധരാമയ്യ സർക്കാർ വിശദീകരിച്ചു. ബി.ജെ.പി സർക്കാർ ആരംഭിച്ച പദ്ധതിയാണ് ഇപ്പോഴും തുടരുന്നതെന്നും വിശദീകരണത്തിൽ പറയുന്നു.

കർണാടക ന്യൂനപക്ഷ കോർപറേഷനിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയിലാണ് ആജ് തകിനും സുധീറിനുമെതിരെ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 505, 153 എ വകുപ്പുകളാണ് ചുമത്തിയത്. വ്യാജ വാർത്ത ഇതുവരെയും ചാനൽ പിൻവലിച്ചിട്ടില്ലെന്ന് ഇന്ന് ഹരജി പരിഗണിക്കവെ സർക്കാരിനു വേണ്ടി ഹാജരായ എ.ജി കെ. ശശി കിരൺ ഷെട്ടി ചൂണ്ടിക്കാട്ടി. തുടർന്നാണ് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കിയത്.

വിവരങ്ങൾ നൽകലാണ് മാധ്യമങ്ങളുടെ പണി. എന്നാൽ, ഇക്കാര്യത്തിൽ അതല്ല ഉണ്ടായത്. ഇവിടെ ന്യൂനപക്ഷങ്ങൾക്കു മാത്രമല്ല പദ്ധതിയുടെ ഗുണം ലഭിക്കുന്നത്. ന്യൂനപക്ഷങ്ങൾക്കു മാത്രം നൽകുന്ന പദ്ധതിയിൽ ഹിന്ദുക്കളെ ഒഴിവാക്കുന്നുവെന്നു പ്രത്യേകമായി ആരോപിക്കുന്നുണ്ട്. അന്വേഷണവുമായി മുന്നോട്ടുപോകാനുള്ള പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി അറിയിച്ചു.

Summary: Karnataka High Court says there’s ‘prima facie case’ for investigation against Sudhir Chaudhary

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News