റിട്ട. ഐഎഎസ് ഓഫീസറുടെ വീട് തട്ടിയെടുക്കാൻ വ്യാജരേഖ നിർമിച്ചു; മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
സ്റ്റേറ്റ് പൊലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ ആണ് അറസ്റ്റിലായത്.
ഹൈദരാബാദ്: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനിൽ നിന്ന് വീട് തട്ടിയെടുക്കാൻ വ്യാജ രേഖ നിർമിച്ച കേസിൽ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തെലങ്കാന സ്റ്റേറ്റ് പൊലീസ് അക്കാദമി ഡെപ്യൂട്ടി ഡയറക്ടർ നവീൻ കുമാർ ഐപിഎസ് ആണ് അറസ്റ്റിലായത്. ഹൈദരാബാദ് പൊലീസിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യൂ) ആണ് ഉദ്യോഗസ്ഥനെ പിടികൂടിയത്.
റിട്ട. ഐഎഎസ് ഓഫീസർ ഭൻവർ ലാൽ ആണ് പരാതിക്കാരൻ. ബേഗംപേട്ടിലെ ലാലിന്റെ വീട് ഉദ്യോഗസ്ഥന്റെ ഭാര്യാസഹോദരൻ ഓർസു സിംബശിവ റാവുവിന് വാടകയ്‌ക്ക് നൽകിയിരുന്നു. റാവു തന്റെ ഭാര്യയ്ക്കൊപ്പമാണ് അവിടെ താമസിച്ചിരുന്നത്. ദമ്പതികളെ വീട്ടിൽ നിന്ന് പുറത്താക്കാൻ ഭൻവർ ലാൽ കേസ് ഫയൽ ചെയ്തതിന് ശേഷം, 2022 മുതൽ അദ്ദേഹവും വാടകക്കാരും തമ്മിൽ തർക്കം നിലനിന്നിരുന്നു.
ഇതറിഞ്ഞ നവീൻ കുമാർ ഐപിഎസ് ഈ വീട് തട്ടിയെടുക്കാനും ഭൻവർ ലാലിൽ നിന്ന് പണം ആവശ്യപ്പെടാനും ദമ്പതികളുമായി ചേർന്ന് വ്യാജ രേഖകൾ ഉണ്ടാക്കിയെന്നാണ് പരാതി.
നവംബർ 17നാണ് ഭൻവർ ലാൽ പൊലീസിനെ സമീപിക്കുകയും പരാതി നൽകുകയും ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികൾക്കും ഐപിഎസ് ഉദ്യോഗസ്ഥനുമെതിരെ ഐപിസി 420, 406, 467, 468, 471 ആർ/ഡബ്ല്യു 32 എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു.
തുടർന്ന് ഡിസംബർ 22ന് സിംബശിവയെയും ഭാര്യയെയും അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ റിമാൻഡിനായി കോടതിയിൽ ഹാജരാക്കിയ പൊലീസ് സംഘം ബുധനാഴ്ച നവീൻ കുമാറിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.