ഐ.ആർ.സി.ടി.സിയുടെ രാമായണ യാത്ര ഇന്നുമുതൽ
16 രാത്രിയും 17 പകലുമുള്ള യാത്രയിൽ 7500 കിലോമീറ്ററാണ് യാത്രക്കാർ സഞ്ചരിക്കുക
ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) നടത്തുന്ന രാമയണ യാത്ര ഇന്നുമുതൽ. 'ദേഖോ അപ്നാ ദേശ്' ഡീലക്‌സ് എസി. ടൂറിസ്റ്റ് ട്രെയിൻ ഡൽഹി സഫ്ദർജംഗ് സ്റ്റേഷനിൽ നിന്ന് ഇന്ന് പുറപ്പെടും. പുറപ്പെട്ട് 17ാം ദിവസം ഡൽഹിയിൽ തിരിച്ചെത്തുന്ന യാത്രയിൽ 7500 കിലോമീറ്ററാണ് യാത്രക്കാർ സഞ്ചരിക്കുക.
ഫസ്റ്റ് ക്ലാസ് എസിക്ക് 1,02,095 രൂപയും സെക്കൻഡ് ക്ലാസ് എസിക്ക് 82,950 രൂപയുമാണ് ഈടാക്കുന്നത്. എസി ക്ലാസ് മാത്രമാണ് ട്രെയിനിലുണ്ടാകുക. എസി ഹോട്ടലുകളിൽ താമസം, വെജ് ഭക്ഷണം, മറ്റു യാത്രകൾക്ക് എസി വാഹനം, ട്രാവൽ ഇൻഷ്വൂറൻസ്, ഐ.ആർ.സി.ടി.സി ടൂർ മാനേജർമാരുടെ സേവനം തുടങ്ങിയ സൗകര്യങ്ങൾ യാത്രക്കാർക്ക് ലഭ്യമാകും.
ഇന്ത്യാ ഗവൺമെന്റിന്റെ 'സ്വദേശ് ദർശൻ സ്‌കീം' പ്രകാരമുള്ള പ്രധാന സർക്യൂട്ടുകളിൽ ഒന്നാണ് രാമായണ സർക്യൂട്ട്. ശ്രീരാമന്റെ ജീവിതവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങളിലെല്ലാം യാത്രക്കാർക്ക് സന്ദർശനം നടത്താനാകും. കോവിഡ് രോഗബാധ കുറഞ്ഞ സാഹചര്യത്തിൽ മതപരമായ ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. 12 രാത്രിയും 13 പകലുമുള്ള ശ്രീ രാമായണ യാത്ര എക്‌സ്പ്രസ് മധുരെയിൽ നിന്ന് നവംബർ 16 ന് പുറപ്പെടും. 16 രാത്രിയും 17 പകലുമുള്ള ശ്രീ ഗംഗാനഗറിൽനിന്നുള്ള ട്രെയിൻ നവംബർ 25 നും പുറപ്പെടും.
രാമായണ യാത്രയുടെ ഷെഡ്യൂൾ
യാത്രയുടെ ആദ്യ ഹാൾട്ടിൽ ശ്രീരാമ ജന്മഭൂമി, ഹനുമാൻ ക്ഷേത്രം, നന്ദിഗ്രാമിലെ ഭാരത് മന്ദിർ എന്നിവ സന്ദർശിക്കും. രണ്ടാം കേന്ദ്രം ബിഹാറിലെ സീതമാർഹിയാണ്. സീതയുടെ ജന്മസ്ഥലം, ജനകപൂരിലെ രാംജനകി ക്ഷേത്രം, എന്നിവ റോഡ് മാർഗം സന്ദർശിക്കും. പിന്നീട് വാരണാസിയിലെത്തി നഗരവും പ്രയാഗ്‌രാജ്, ശ്രീരംഗ്‌വേർപൂർ, ചിത്രകൂട് എന്നിവ റോഡ് മാർഗവും സന്ദർശിക്കും. അടുത്തതായി നാസികിലെത്തി, തൃയംബകേശ്വർ ക്ഷേത്രം, പഞ്ച്‌വാടി എന്നിവിടങ്ങളിൽ പോകും. പിന്നീട് കൃഷ്ണകിന്ദ നഗരത്തിലെ ഹംപിയിലെത്തും. രാമേശ്വരമാണ് യാത്രയിലെ അവസാന കേന്ദ്രം.
അതിനിടെ, ഡൽഹി സർക്കാർ ഐ.ആർ.സി.ടി.സിയുമായി ചേർന്ന് മുഖ്യമന്ത്രി ട്രെയിൻ യാത്ര യോജന പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിലെ വയോജനങ്ങൾക്ക് അഞ്ചു മതകേന്ദ്രങ്ങളിലേക്ക് സൗജന്യയാത്രയാണ് വാഗ്ദാനം ചെയ്യുന്നത്. വൈഷ്‌ണോ ദേവി, ഹരിദ്വാർ, അമൃത്‌സർ, അജ്മീർ, ആഗ്ര എന്നിവയാണ് കേന്ദ്രങ്ങൾ.