ഫലസ്തീന്‍ പ്രദേശങ്ങൾ കൈയ്യേറുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണം, ഇരു രാജ്യങ്ങളെയും അംഗീകരിക്കുന്ന യുഎൻ പരിഹാരനയം നടപ്പാക്കണം: യച്ചൂരി
ഫലസ്തീനികൾക്കെതിരെ നെതന്യാഹു സർക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ ഈ വർഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരുടെ ജീവനാണ് നഷ്ടപ്പെട്ടതെന്നും യച്ചൂരി പറഞ്ഞു
ഫലസ്തീന്‍ പ്രദേശങ്ങൾ കൈയ്യേറുന്നത് ഇസ്രായേല്‍ അവസാനിപ്പിക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. ഈ വർഷം 40 കുട്ടികൾ അടക്കം 248 പലസ്തീൻകാരെ ഇസ്രയേൽ കൊലപ്പെടുത്തി. ഇരു രാജ്യങ്ങളെയും അംഗീകരിക്കുന്ന യുഎൻ പരിഹാരനയം നടപ്പാക്കണമെന്നും യച്ചൂരി പറഞ്ഞു.
'ഫലസ്തീനികൾക്കെതിരെ നെതന്യാഹു സർക്കാർ അഴിച്ചുവിട്ട ആക്രമണത്തിൽ ഈ വർഷം ഇതുവരെ 40 കുട്ടികളടക്കം 248 പേരുടെ ജീവൻ അപഹരിച്ചു. ഫലസ്തീൻ ഭൂമിയിലെ ജൂത കുടിയേറ്റങ്ങളുടെ വ്യാപനം അവസാനിപ്പിക്കുകയും ഇരു രാജ്യങ്ങളെയും അംഗീകരിക്കുന്ന യുഎൻ പരിഹാരനയം നടപ്പാക്കണം'- യച്ചൂരില്‍ എക്സില്‍ കുറിച്ചു.
അതേസമയം, ഇസ്രായേൽ - ഫലസ്തീൻ ആക്രമണത്തിൽ മരണ സംഖ്യ ഉയരുന്നു. 'ഓപ്പറേഷൻ അയേൺ സ്വോർഡ്‌സ്' എന്ന പേരിലുള്ള ഇസ്രയേലിന്റെ തിരിച്ചടിയില്‍ ഗസ്സയില്‍ മരണപ്പെട്ടവരുടെ എണ്ണം 198 ആയി. 1600 പേർക്ക് പരിക്കേറ്റു. ഗസ്സ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഡസൻകണക്കിന് യുദ്ധവിമാനങ്ങളാണ് ഇസ്രായേല്‍ സൈന്യം അയക്കുന്നത്. ഹമാസ് അക്രമണത്തിൽ 22 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റോയിട്ടേസ് വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. അതിനിടെ അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.