ഡൽഹി വംശഹത്യാ കേസ്: ഇസ്രത് ജഹാന്‍ ജയിൽ മോചിതയായി

വംശഹത്യയുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിലാണ് ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ഇസ്രതിന് ജാമ്യം അനുവദിച്ചത്

Update: 2022-03-16 16:15 GMT
Editor : ijas
Advertising

ഡൽഹി വംശഹത്യാ കേസിൽ ജാമ്യം ലഭിച്ച കോൺഗ്രസ് മുൻ കൗൺസിലർ ഇസ്രത് ജഹാന്‍ ജയിൽ മോചിതയായി. രണ്ട് വർഷത്തിന് ശേഷമാണ് ഇസ്രത് ജഹാന്‍ ഡല്‍ഹി മണ്ഡോലി ജയിലില്‍ നിന്നും മോചിതയാകുന്നത്. ഡൽഹി ഹൈക്കോടതിയാണ് ഇസ്രത് ജഹാന് തിങ്കളാഴ്ച ജാമ്യം നൽകിയത്. വംശഹത്യയുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിലാണ് ഡൽഹി അഡീഷനൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യം അനുവദിച്ചത്.

2020ൽ വടക്കുകിഴക്കൻ ഡൽഹിയിൽ നടന്ന അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഇസ്രത്തിനെതിരെ യു.എ.പി.എ ചുമത്തിയത്. 2012 മുതൽ 2017 വരെ ഡൽഹിയിലെ കോൺഗ്രസ് കൗൺസിലറായിരുന്ന ഇസ്രത് എ.ഐ.സി.സി അംഗവുമായിരുന്നു. 2020 ഫെബ്രുവരി 26നാണ് അവരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനുശേഷം ഇതുവരെ കസ്റ്റഡിയിൽ തുടരുകയായിരുന്നു.

ഇസ്രത്തിന് ഗൂഢാലോചനയിൽ ഒരു പങ്കുമില്ലെന്നും വ്യാജമായി കേസെടുത്തതാണെന്നും അവർക്കു വേണ്ടി ഹാജരായ അഭിഭാഷകൻ പ്രദീപ് തിയോട്ടിയ കോടതിയിൽ പറഞ്ഞു. ഇസ്രത് അഭിഭാഷകയും യുവ രാഷ്ട്രീയപ്രവർത്തകയുമാണ്. മുസ്‌‍ലിം ജനസംഖ്യ കുറഞ്ഞ സ്ഥലത്തുനിന്നാണ് അവർ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടത്. എല്ലാ വിഭാഗക്കാരും വോട്ട് ചെയ്താണ് അവർ ജയിച്ചതെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അമിത് പ്രസാദ് ആണ് ഹാജരായത്.

അതേസമയം, കേസിൽ ഉമർ ഖാലിദിന്‍റെ ജാമ്യഹരജി പരിഗണിക്കുന്നത് ഈ മാസം 21ലേക്ക് മാറ്റിയിട്ടുണ്ട്. ഷർജീൽ ഇമാം, സലീം മാലിക് എന്നിവരുടെ ജാമ്യഹരജി 22ലേക്കും മാറ്റി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News