ബഹിരാകാശത്ത് രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർത്തു; സ്‌പേഡെക്സ് ദൗത്യം വിജയമെന്ന് റിപ്പോർട്ട്
ദൗത്യത്തിന്റെ ഭാഗമായി ഡിസംബർ മുപ്പതിന് വിക്ഷേപിച്ച ടാർഗറ്റ്, ചേസർ എന്നീ ഉപഗ്രഹങ്ങളാണ് കൂട്ടിയോജിപ്പിച്ചത്.
ബെംഗളൂരു: ഭ്രമണപഥത്തിൽ സഞ്ചരിക്കുന്ന രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിയോജിപ്പിക്കുന്ന ഐഎസ്ആർഒയുടെ സ്‌പേഡെക്സ് പരീക്ഷണം വിജയകരമെന്ന് റിപ്പോർട്ട്.
ദൗത്യത്തിന്റെ ഭാഗമായി ഡിസംബർ മുപ്പതിന് വിക്ഷേപിച്ച ടാർഗറ്റ്, ചേസർ എന്നീ ഉപഗ്രഹങ്ങളാണ് കൂട്ടിയോജിപ്പിച്ചത്. ഇതോടെ ബഹിരാകാശ ഡോക്കിങ് സാങ്കേതിക വിദ്യ കൈവരിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ.
ജനുവരി 12ന് ഉപഗ്രഹങ്ങളെ പരസ്പരം മൂന്ന് മീറ്ററോളം അടുപ്പിച്ച് ട്രയൽ പരീക്ഷണം നടത്തിയിരുന്നു. പിന്നാലെയാണ് സ്‌പേഡെക്സ് ദൗത്യം വിജയകരമായി ഐ എസ് ആർ ഒ പൂർത്തിയാക്കുന്നത്. സ്പേഡെക്സ് ദൗത്യത്തിനായി ജനുവരി ഏഴായിരുന്നു ആദ്യം തിരഞ്ഞെടുത്തത്. എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഒൻപതിലേക്ക് മാറ്റിയിരുന്നു. എന്നാൽ അന്നും അകലം കുറച്ചുകൊണ്ടുവരുന്നതിനിടെ ചില തടസങ്ങൾ ഐ എസ് ആർ ഒ നേരിട്ടതോടെയാണ് പരീക്ഷണം വീണ്ടും നീട്ടിവച്ചത്.
ഭ്രമണപഥത്തിൽ സഞ്ചരിക്കവേ രണ്ട് ഉപഗ്രഹങ്ങൾ കൂട്ടിച്ചേർക്കുക എന്നതാണ് 'ഡോക്കിംഗ്' പ്രക്രിയ. ഐഎസ്ആർഒയുടെ ചരിത്രത്തിലെ ആദ്യ ബഹിരാകാശ ഡോക്കിംഗ് പരീക്ഷണമാണ് സ്പേഡെക്സ്. യുഎസ്, റഷ്യ, ചൈന എന്നിവരാണ് ഡോക്കിംഗ് വിജയകരമായി പൂർത്തിയാക്കിയിട്ടുള്ള മറ്റ് രാജ്യങ്ങൾ.