'അതിഷി ഒരു മാനിനെപ്പോലെ ഓടിനടക്കുന്നു'; അധിക്ഷേപവുമായി വീണ്ടും രമേശ് ബിദൂഡി
നേരത്തെയും അതിഷിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ ബിജെപി നേതാവായ രമേശ് ബിദൂഡി മോശം പരാമർശം നടത്തിയിരുന്നു.
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അതിഷി മർലേനക്കെതിരെ വീണ്ടും അധിക്ഷേപ പരാമർശവുമായി ബിജെപി നേതാവ് രമേശ് ബിദൂഡി. ഡൽഹിയുടെ വീഥികളിലൂടെ അതിഷി ഒരു മാനിനെപ്പോലെ ഓടിനടക്കുന്നു എന്നാണ് ഡൽഹിയിൽ നടന്ന റാലിയിൽ രമേശ് ബിദൂഡി പറഞ്ഞത്.
''ഡൽഹിയുടെ തെരുവുകളിൽ ജനങ്ങൾ നരകിക്കുകയാണ്. തെരുവുകളുടെ അവസ്ഥ നോക്കൂ...കഴിഞ്ഞ നാല് വർഷമായി അതിഷി ഈ തെരുവുകളിലേക്ക് ഇറങ്ങുകയോ ഇവിടെയുള്ള ജനങ്ങളെ കാണാനെത്തുകയോ ചെയ്തിട്ടില്ല. എന്നാൽ തെരഞ്ഞെടുപ്പ് അടുത്തതോടെ അവർ ഡൽഹിയിലെ തെരുവുകളിലൂടെ ഓടിനടക്കുകയാണ്. ഒരു മാൻ എങ്ങനെയാണോ കാട്ടിലൂടെ ഓടിനടക്കുന്നത് അതുപോലെയാണ് ഡൽഹി മുഖ്യമന്ത്രി ഈ തെരുവുകളിലൂടെ ഓടിനടക്കുന്നത്''-ബിദൂഡി പറഞ്ഞു.
നേരത്തെയും അതിഷിക്കെതിരെ ബിദൂഡി മോശം പരാമർശം നടത്തിയിരുന്നു. ജനുവരി ആറിന് ഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു അതിഷി പിതാവിനെ മാറ്റിയെന്ന ആരോപണം ബിദൂഡി ഉന്നയിച്ചത്. കുറച്ചുകാലം മുമ്പുവരെ അതിഷിയുടെ പേരിനൊപ്പം മർലേന എന്നായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴത് സിങ് എന്നാക്കി മാറ്റിയിരിക്കുന്നു. രാഷ്ട്രീയ നേട്ടങ്ങൾക്കായി സ്വന്തം പിതാവിന്റെ പേരുപോലും മാറ്റുന്ന ആം ആദ്മി നേതാക്കളുടെ പൊതുസ്വഭാവത്തെയാണ് ഇത് സൂചിപ്പിക്കുന്നത് എന്നായിരുന്നു ബിദൂഡിയുടെ ആക്ഷേപം.
പ്രിയങ്കാ ഗാന്ധിക്കെതിരെയും ബിദൂഡി സ്ത്രീവിരുദ്ധ പരാമർശം നടത്തിയിരുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ ഡൽഹിയിലെ റോഡുകൾ പ്രിയങ്കാ ഗാന്ധിയുടെ കവിളുകൾ പോലെയാക്കും എന്നായിരുന്നു ബിദൂഡിയുടെ പരാമർശം.