നടൻ സെയ്ഫ് അലിഖാന് വീടിനുള്ളില്‍ കുത്തേറ്റു
താരത്തെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു. മുംബൈയിലെ ബാന്ദ്രയിലുള്ള വസതിയിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതനാണ് കുത്തിയത്. രണ്ടിലധികം തവണ കുത്തേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്കായിരുന്നു സംഭവം.
തുടർന്ന് താരത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.
ജീവിതപങ്കാളി കരീന കപൂറും കുടുംബവുമൊത്ത് പടിഞ്ഞാറൻ ബാന്ദ്രയിലെ ഫ്ലാറ്റിന്റെ പതിനൊന്നാം നിലയിലാണ് സെയ്ഫ് അലി ഖാൻ താമസിച്ചിരുന്നത്. അവിടേക്ക് കടന്നുകയറിയ അജ്ഞാതനുമായി മല്പിടുത്തതിൽ ഏർപ്പെട്ടപ്പോഴായിരുന്നു താരത്തിന് കുത്തേറ്റത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുംബൈ പൊലീസ് അറിയിച്ചു. മോഷണശ്രമം സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.
അതേസമയം, മോഷണശ്രമാണെന്നാണ് സെയ്ഫ് അലി ഖാന്റെ കൂടെയുള്ളവർ അറിയിക്കുന്നത്. പൊലീസിന്റെ അന്വേഷണം നടക്കുന്നുണ്ടെന്നും മാധ്യമങ്ങളും ആരാധകരും ക്ഷമയോടെ കാത്തിരിക്കണമെന്നും അവർ അഭ്യർത്ഥിച്ചു.