ഒഎൽഎക്‌സിലൂടെ 16 പ്രോ മാക്‌സ്: ബംഗളൂരുവിൽ വിദ്യാർഥിക്ക് നഷ്ടമായത് 1.10 ലക്ഷം രൂപ
ആർടി നഗർ സ്വദേശിയായ റിയാന്‍ ഹുസൈനാണ്, പണം നഷ്ടമായെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്
ബംഗളൂരു: ഒഎൽഎക്സ് വഴി ഐഫോൺ വാങ്ങാൻ ശ്രമിച്ച വിദ്യാർഥിക്ക് നഷ്ടമായത് ഒരു ലക്ഷത്തിലെറെ രൂപ. ആർടി നഗർ സ്വദേശിയായ റിയാന്‍ ഹുസൈനാണ്, പണം നഷ്ടമായെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ജനുവരി 12നാണ് സംഭവം. ഒഎൽഎക്സില്‍ സെക്കൻഡ് ഹാൻഡ് സ്മാര്‍ട്ഫോണുകള്‍ തിരയുന്നതിനിടെയാണ്, കിരൺ എന്ന അക്കൗണ്ടില്‍ ഏറ്റവും പുതിയ ഐഫോണ്‍ 16പ്രോ മാക്സ് വില്‍പനക്ക് വെച്ചത് ശ്രദ്ധയില്‍പെടുന്നത്. തുടർന്ന് പരസ്യത്തിൽ നൽകിയ നമ്പറിൽ റിയാൻ വിളിക്കുകയായിരുന്നു. തുടർന്നുള്ള സംഭാഷണത്തിൽ ഫോണിന്റെ ബോക്സ്, ബിൽ എന്നിവയുടെ ചിത്രങ്ങൾ വാട്സ്ആപ്പില്‍ കിരൺ, അയച്ചുകൊടുത്തു.
1.10 ലക്ഷം രൂപക്ക് കച്ചവടം ഉറപ്പിച്ചു. ഫോണുമായി ഹുസൈന്‍ എന്നൊരാള്‍ വരുമെന്നും പണം അയാള്‍ക്ക് നല്‍കിയാല്‍ മതിയെന്നും കിരണ്‍ പറഞ്ഞു. കിരണിന്റെ നിര്‍ദേശപ്രകാരം ബംഗളൂരുവിലെ കന്നിംഗ്ഹാം റോഡിലെ ഒരു ഹോട്ടലിനടുത്ത് റിയാന്‍ എത്തി. അവിടെ ഫോണുമായി ഹുസൈൻ നില്‍പ്പുണ്ടായിരുന്നു. ഹുസൈൻ, ഫോണും ബില്ലും കാണിച്ചുകൊടുത്തു. എല്ലാം പരിശോധിച്ച ശേഷം, ഹുസൈൻ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് റിയാന്‍ പണം അയച്ചുകൊടുത്തു.
എന്നാൽ, പണം ലഭിച്ചില്ലെന്ന് ഹുസൈൻ പറയുകയും ഫോൺ കൈമാറാൻ വിസമ്മതിക്കുകയും ചെയ്തു. അക്കൗണ്ടിലേക്ക് പണം അയച്ചത് വ്യക്തമാക്കിയെങ്കിലും ഹുസൈൻ അത് സമ്മതിച്ചില്ല. തർക്കത്തിനിടയിൽ ഹുസൈൻ തന്റെ ബൈക്കിൽ കയറി സ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ കേസ് എടുത്ത ബംഗളൂരുവിലെ ഹൈ ഗ്രൗണ്ട്സ് പൊലീസ്, അന്വേഷണം ആരംഭിച്ചിട്ടുണ്ട്.