സൂര്യനെ ലക്ഷ്യമിട്ട് ഇന്ത്യ, 'മിഷൻ ആദിത്യ' പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അറിയേണ്ടതെല്ലാം

ആദ്യത്തെ ഇന്ത്യൻ ഒബ്സർവേറ്ററി ക്ലാസ് മിഷനായ ആദിത്യ-എൽ1 ആഗസ്റ്റ് 26 ന് വിക്ഷേപിക്കുമെന്നാണ് ഐ.എസ്.ആർ.ഒ പറയുന്നത്.

Update: 2023-08-23 14:00 GMT
Advertising

ഇന്ത്യയുടെ ബഹിരാകാശ ചരിത്രം തിരുത്തിക്കുറിച്ച് ചന്ദ്രയാൻ മൂന്ന് പേടകം ചന്ദ്രന്‍റെ മണ്ണിൽ കാലുകുത്തി. പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ലാൻഡർ മൊഡ്യൂൾ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ്ലാൻഡ് ചെയ്തു. ചന്ദ്രയാൻ മൂന്നിന്റെ വിജയത്തിന് ശേഷം സൂര്യനെ ലക്ഷ്യമിട്ടാണ് ഇന്ത്യ കുതിക്കുന്നത്. ഐഎസ്ആര്‍ഒയുടെ ആദ്യ സൂര്യ പര്യവേക്ഷണ ദൗത്യം ആദിത്യ-എല്‍1 ഉടനുണ്ടാകുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യത്തെ ഇന്ത്യൻ ഒബ്സർവേറ്ററി ക്ലാസ് മിഷനായ ആദിത്യ-എൽ1 ആഗസ്റ്റ് 26 ന് വിക്ഷേപിക്കുമെന്നാണ് ഐ.എസ്.ആർ.ഒ പറയുന്നത്.

എന്താണ് ആദിത്യ-എല്‍1? എന്തൊക്കെയാണ് ഈ ദൗത്യം വഴി ലക്ഷ്യമിടുന്നത്?

സൂര്യനെക്കുറിച്ചു പഠിക്കുന്നതിന് ഇന്ത്യ ബഹിരാകാശത്ത് സ്ഥാപിക്കുന്ന ആദ്യത്തെ നിരീക്ഷണ കേന്ദ്രമാണിത്. ഭൂമിക്കും സൂര്യനും ഇടയിലുള്ള ‘സ്വതന്ത്ര’ മേഖലയായ ഒന്നാം ലാഗ്രാഞ്ച് പോയിന്റിലാണ് പേടകം സ്ഥാപിക്കുക. മിയില്‍ നിന്നും 15 ലക്ഷം കിലോമീറ്റര്‍ ദൂരത്താണ് ഈ പ്രദേശം. ഇവിടെനിന്ന്‌ പൂർണ സമയവും സൂര്യനെ നിരീക്ഷിക്കാൻ പേടകത്തിന് കഴിയുമെന്നതാണ്‌ പ്രത്യേകത. ഗ്രഹണങ്ങളടക്കമുള്ളവ തടസമാകില്ല.


സൂര്യനില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ തത്സമയം നിരീക്ഷിക്കാനും ഈ മാറ്റങ്ങള്‍ എങ്ങനെ ബഹിരാകാശത്തെ കാലാവസ്ഥയെ സ്വാധീനിക്കുന്നുവെന്ന് പഠിക്കാനും ഈ ദൗത്യം വഴി സാധിക്കും. സൂര്യന്റെ സങ്കീർണ അന്തരീക്ഷമായ കൊറോണയെപ്പറ്റി വിവരങ്ങൾ ശേഖരിച്ച്‌ പേടകം ഭൂമിയിലേക്ക്‌ അയക്കും. ഇവിടെയുള്ള താപനിലയുടെ രഹസ്യങ്ങളിലേക്ക്‌ ആദിത്യ ചൂഴ്‌ന്നിറങ്ങും. സൂര്യന്റെ കാന്തികക്ഷേത്രം, സൗരവാതകങ്ങൾ, പ്ലാസ്മാ പ്രവാഹം, കൊറോണൽ മാസ് ഇജക്‌ഷൻ തുടങ്ങി സൗരപ്രതിഭാസങ്ങളെല്ലാം പഠിക്കും. സൂര്യനില്‍ ചൂട് ഉത്പാദിപ്പിക്കപ്പെടുന്നത് അടക്കമുള്ള അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ആദിത്യ-എല്‍1 വഴി നമുക്ക് അറിയാനാവുമെന്നാണ് പ്രതീക്ഷ.  

ആധുനികമായ ഏഴ്‌ പരീക്ഷണ ഉപകരണമാണ്‌ ആദിത്യയിലുള്ളത്‌. ഇതില്‍ വിസിബിള്‍ എമിഷന്‍ ലൈന്‍ ക്രോണോഗ്രാഫ്(VELC) കൊറോണയെക്കുറിച്ചു പഠിക്കുകയും കൊറോണല്‍ മാസ് എജക്ഷനെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്യും. സോളാര്‍ അള്‍ട്രാവയലറ്റ് ഇമേജിങ് ടെലസ്‌കോപ് സൂര്യനിലെ ഫോട്ടോസ്ഫിയറിനേയും ക്രോമോസ്ഫിയറിനേയും നിരീക്ഷിക്കുകയും ചിത്രമെടുക്കുകയും ചെയ്യും.  


സൂര്യനില്‍ നിന്നും പുറപ്പെടുന്ന പല തരത്തിലുള്ള എക്‌സ് റേ തരംഗങ്ങളെക്കുറിച്ചുള്ള വിവര ശേഖരണമാണ് സോളാര്‍ ലോ എനര്‍ജി എക്‌സ് റേ സ്‌പെക്ട്രോമീറ്റര്‍(SoLEXS), ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിങ് എക്‌സ് റേ സെപ്‌ക്ടോമീറ്റര്‍(HEL1OS) എന്നീ ഉപകരണങ്ങള്‍ വഴി നടക്കുന്നത്. 

ആദിത്യ സോളാര്‍ വിന്‍ഡ് പാര്‍ട്ടികിള്‍ എക്‌സ്പിരിമെന്റ്, പ്ലാസ്മ അനലൈസര്‍ പാക്കേജ് ഫോര്‍ ആദിത്യ(PAPA) എന്നിവ സൗര കാറ്റിലേയും മറ്റും ഇലക്ട്രോണുകളേയും പ്രോട്ടോണുകളേയും ഊര്‍ജകണങ്ങളേയും പഠിക്കും.  സൂര്യന്റെ കാന്തിക മണ്ഡലത്തെക്കുറിച്ച് അഡ്വാന്‍സ്ഡ് ട്രി ആക്‌സിയല്‍ ഹൈ റെസല്യൂഷന്‍ ഡിജിറ്റല്‍ മാഗ്നെറ്റോമീറ്ററാണ് പഠിക്കുക.

ഇന്ത്യയുടെ അടുത്ത ബഹിരാകാശ ദൗത്യങ്ങൾ

കോസ്മിക് എക്സ്-റേകളുടെ ധ്രുവീകരണം പഠിക്കാൻ ഐ.എസ്.ആർ.ഒ ആസൂത്രണം ചെയ്ത മറ്റൊരു ബഹിരാകാശ നിരീക്ഷണ പദ്ധതിയാണ് എക്സ്-റേ പോളാരിമീറ്റർ സാറ്റലൈറ്റ് അഥവാ എക്സ്പോസാറ്റ് (XPoSat). എസ്.എസ്.എൽ.വിയെന്ന ചെറിയ ഉപഗ്രഹ വിക്ഷേപണ വാഹനത്തിൽ വിക്ഷേപിക്കാനും കുറഞ്ഞത് അഞ്ച് വർഷമെങ്കിലും സേവന സമയം നൽകാനുമാണ് ഐ.എസ്.ആർ.ഒ ശ്രമം. ബ്ലാക്ക് ഹോൾ എക്സ്-റേ ബൈനറികൾ, സജീവ ഗാലക്‌സി ന്യൂക്ലിയുകൾ, നോൺ-തെർമൽ സൂപ്പർനോവ അവശിഷ്ടങ്ങൾ എന്നിവയുൾപ്പെടെ പ്രപഞ്ചത്തിലെ അറിയപ്പെടുന്ന 50 തെളിച്ചമുള്ള സ്രോതസ്സുകളെക്കുറിച്ച് എക്സ്പോസാറ്റ് പഠിക്കും.


ഇന്ത്യൻ ക്രൂഡ് ഓർബിറ്റൽ ബഹിരാകാശ പേടകമായ ഗഗൻയാൻ 2 അടുത്തവർഷത്തോടെയുണ്ടാകും. വിദൂര സംവേദനത്തിനായി ഉപയോഗിക്കുന്ന ഡ്യുവൽ ഫ്രീക്വൻസി സിന്തറ്റിക് അപ്പർച്ചർ റഡാർ ഉപഗ്രഹം വികസിപ്പിക്കുന്നതിനും വിക്ഷേപിക്കുന്നതിനുമായി നാസയും ഐഎസ്ആർഒയും ചേർന്നുള്ള സംയുക്ത പദ്ധതിയായ നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പേർച്ചർ റഡാർ (NISAR) അടുത്ത വർഷം ജനുവരിയിൽ വിക്ഷേപിക്കും. ഇന്ത്യൻ വീനസ് ഓർബിറ്റർ മിഷനെന്ന പേരിൽ ശുക്രനിലേക്കുള്ള ദൌത്യവും ചൊവ്വയിലേക്ക് വിക്ഷേപിക്കാനൊരുങ്ങുന്ന ഇന്ത്യയുടെ രണ്ടാമത്തെ ഗ്രഹാന്തര ദൗത്യമായ മംഗൾയാൻ 2വും 2024ലെ വിക്ഷേപണത്തിന് തയ്യാറെടുക്കുകയാണ്. ഗഗൻയാൻ പദ്ധതികൾ വിജയിച്ചാൽ സ്വതന്ത്രമായി മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന പദ്ധതിയും ഐ.എസ്.ആർ.ഒ ഒരുക്കും.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News