ചരിത്രം പിറന്നു; ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്ത്
127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തുന്നത്
ബംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗരദൗത്യം ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തി. 127 ദിവസവും 15 ലക്ഷം കിലോമീറ്ററും നീണ്ട യാത്ര പൂർത്തിയാക്കിയാണ് ആദിത്യ എൽ1 ലക്ഷ്യസ്ഥാനത്തെത്തുന്നത്.
പേടകം ഒന്നാം ലഗ്രാഞ്ച് ബിന്ദുവിൽ (എൽ1) എത്തിയതായി ഐഎസ്ആർഒ സ്ഥിരീകരിച്ചു. ഇതോടെ, ഇന്ത്യയുടെ പ്രഥമ സൗരദൗത്യമാണ് വിജയകരമായി ലക്ഷ്യസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇതോടെ ലഗ്രാഞ്ച് ബിന്ദുവിലെത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.
പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തില്‍ 440 ന്യൂട്ടണ്‍ ലിക്വിഡ് അപ്പോജി മോട്ടോര്‍ (എല്‍.എ.എം) എന്‍ജിനും എട്ട് 22 ന്യൂട്ടണ്‍ ത്രസ്റ്ററുകളുമാണുള്ളത്.ഇവ ജ്വലിപ്പിച്ചാണ് പേടകത്തെ ഭ്രമണപഥത്തിലേക്കെത്തിച്ചത്.
7 പേലോഡുകൾ ഉപയോഗിച്ച് സൂര്യനെ കുറിച്ചുള്ള വിശദമായ പഠനമാണ് ലക്ഷ്യം. നാലു പേലോഡുകൾ നേരിട്ട് സൂര്യനെയും, മൂന്ന് പരീക്ഷണ ഉപകരണങ്ങൾ ഭൂമിക്കും സൂര്യനും ഇടയിലുള്ള , താപ, കാലാവസ്ഥാവ്യതിയാനങ്ങളും ഉൾപ്പെടെ പഠനവിധേയമാക്കും. 2023 സെപ്റ്റംബര്‍ രണ്ടിനാണ് രാജ്യത്തിന്റെ പ്രഥമ സൗരദൗത്യമായി ആദിത്യ എല്‍-1 വിക്ഷേപിച്ചത്.
വിക്ഷേപണ വിജയത്തില്‍ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് എത്തി. ''ഏറ്റവും സങ്കീർണമായ ബഹിരാകാശ ദൗത്യങ്ങള്‍ സാക്ഷാത്കരിക്കാനുള്ള നമ്മുടെ ശാസ്ത്രജ്ഞരുടെ പ്രയത്നത്തിന്റെ തെളിവാണ് ഈ വിജയം. ഈ നേട്ടത്തില്‍ രാജ്യത്തോടൊപ്പം ഞാനും ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു,'' നരേന്ദ്രമോദി എക്സില്‍ കുറിച്ചു.