'സ്കൂളുകള്‍ തുറക്കുന്നത് പരിഗണിക്കണം'
കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക, സാമൂഹ്യ വളര്‍ച്ച പരിഗണിച്ച് സ്കൂളുകള്‍ തുറക്കണമെന്ന് പകര്‍ച്ചവ്യാധി, പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ.ചന്ദ്രകാന്ത് ലാഹരിയ
ഇന്ത്യയിലെ 25 കോടി വിദ്യാര്‍ഥികള്‍ സ്കൂളില്‍ പോയിട്ട് 16 മാസമായി. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ സ്കൂളുകളിലെ ക്ലാസ്സിന് പകരമാവില്ലെന്ന് പകര്‍ച്ചവ്യാധി, പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ.ചന്ദ്രകാന്ത് ലാഹരിയ പറയുന്നു. ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അസമത്വം സൃഷ്ടിക്കുന്നു. മാതാപിതാക്കള്‍ക്ക് കുട്ടികളെ പഠനത്തില്‍ സഹായിക്കാന്‍ കഴിയുമ്പോള്‍ മാത്രമേ ഓണ്‍ലൈന്‍ പഠനം പൂര്‍ണമാകൂ. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പലപ്പോഴും പിന്നിലായിപ്പോകുന്നു. കുട്ടികളുടെ മാനസിക, സാമൂഹ്യ വളര്‍ച്ചയ്ക്കും ഭാഷാപ്രാവീണ്യത്തിനും ആശയ വിനിമയശേഷി വികസിക്കാനും സ്കൂളുകളിലെ ഇടപെടല്‍ ആവശ്യമാണ്. അതിനാല്‍ സ്കൂളുകള്‍ തുറക്കണമെന്നാണ് ഡോ.ലാഹരിയയുടെ അഭിപ്രായം.
ഈ മഹാമാരിക്കാലത്തും 170 രാജ്യങ്ങളിൽ സ്കൂളുകൾ പ്രവർത്തിക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞപ്പോള്‍ വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള മേഖലകള്‍ തുറന്നു. അതുപോലെ കുട്ടികളെ സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരുന്നത് അടിയന്തരമായി പരിഗണിക്കേണ്ടതുണ്ടെന്ന് ഡോ ലാഹരിയ പറയുന്നു. കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് സ്കൂളുകള്‍ തുറക്കുന്നത് വൈകിപ്പിക്കുന്നത്. എന്നാല്‍ സെറോ സർവേകള്‍ സൂചിപ്പിക്കുന്നത് മുതിർന്നവരെപ്പോലെ തന്നെ ഇതിനകം കുട്ടികൾക്കും രോഗം ബാധിച്ചിട്ടുണ്ടെന്നാണ്. പക്ഷേ കുട്ടികളില്‍ രോഗം ഗുരുതരമാകാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ ലാഹരിയ പറയുന്നു.
സ്കൂളുകള്‍ തുറക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വീട്ടില്‍ മാര്‍ഗനിര്‍ദേശം നല്‍കാന്‍ ആരുമില്ലാത്ത, പിന്നാക്ക മേഖലയിലുള്ള കുട്ടികളുടെ സ്കൂള്‍ പ്രവേശനത്തിന് മുന്‍ഗണന നല്‍കണം
സ്കൂള്‍ തുറക്കും മുന്‍പ് മുറിക്കുള്ളിൽ ആവശ്യത്തിന് വായുസഞ്ചാരവും വിദ്യാര്‍ഥികള്‍ക്ക് ഇരിക്കാന്‍ വിശാലമായ സ്ഥലവും ഉറപ്പാക്കണം
തുറസ്സായ ഇടങ്ങളില്‍ ക്ലാസുകൾ നടത്തുന്നത് പരിഗണിക്കണം
കുട്ടികള്‍ക്ക് അസുഖങ്ങളൊന്നുമില്ലെന്ന് ഇടയ്ക്കിടെ ആരോഗ്യ പരിശോധന നടത്തി ഉറപ്പാക്കണം
കോവിഡ് മാനദണ്ഡങ്ങളുടെ കാര്യത്തില്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം
എന്നും ക്ലാസ് നടത്താനാവില്ല. ഒന്നിടവിട്ട ദിവസങ്ങളിലോ മൂന്ന് ദിവസത്തിലൊരിക്കലോ അല്ലെങ്കിൽ ആഴ്ചയിൽ ഒരിക്കലോ ആണ് ക്ലാസ് നടത്തേണ്ടത്
ഒരു ദിവസം സ്കൂളിൽ എത്ര കുട്ടികള്‍ വരെയാകാമെന്ന് അധ്യാപകരും മാതാപിതാക്കളും ആലോചിച്ച് തീരുമാനിക്കണം
ഒരു ക്ലാസിലെ വിദ്യാര്‍ഥികള്‍ മറ്റ് ക്ലാസുകളിലുള്ളവരുമായി ഇടപഴകേണ്ടിവരാത്ത വിധത്തിലാണ് ക്ലാസുകള്‍ ക്രമീകരിക്കേണ്ടത്
കോവിഡില്‍ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനൊപ്പം അവരുടെ വിദ്യാഭ്യാസവും ഉറപ്പുവരുത്തണമെന്ന് ഡോ.ലാഹരിയ പറയുന്നു. കുട്ടികളുടെ ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ ക്ഷേമത്തിനും വികാസത്തിനും സ്കൂളുകൾ തുറക്കേണ്ടത് അത്യാവശ്യമാണ്. ശാസ്ത്രീയമായ പദ്ധതി വികസിപ്പിച്ച് കുട്ടികളെ സുരക്ഷിതമായി സ്കൂളുകളിലേക്ക് തിരികെ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. ഇന്ത്യയിലെ സ്കൂളുകൾ തുറക്കേണ്ട സമയമായെന്നും ഡോ ചന്ദ്രകാന്ത് ലാഹരിയ പറയുന്നു.