മോദി ലോകത്തെ ഏറ്റവും പ്രിയപ്പെട്ട നേതാവെന്ന് മെലോണി; മുസോളിനിയെ വാഴ്ത്തിയത് ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

മുസോളിനിയുടെ അനുയായികൾ രണ്ടാം ലോകയുദ്ധത്തിനുശേഷം രൂപീകരിച്ച ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റിൽ അംഗമായിരുന്നു ജോര്‍ജിയ മെലോണി

Update: 2023-03-03 13:21 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം വാഴ്ത്തി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ലോകത്തെ ഏറ്റവും പ്രിയപ്പെട്ട നേതാവാണ് മോദിയെന്നായിരുന്നു ഇന്ത്യയിൽ സന്ദർശനം നടത്തുന്ന മെലോണിയുടെ പ്രശംസ.

പരാമർശങ്ങൾ ഏറ്റെടുത്ത് സംഘ്പരിവാർ പ്രൊഫൈലുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഇറ്റലിയിലെ തീവ്രവലതുപക്ഷ സർക്കാരിന്റെ നേതാവാണ് മെലോണിയെന്ന് ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. ഇതോടൊപ്പം ഇറ്റാലിയൻ ഫാസിസ്റ്റ് ബെനിറ്റോ മുസോളിനിയെ പുകഴ്ത്തി മെലോണി നടത്തിയ പരാമർശങ്ങളും കുത്തിപ്പൊക്കിയിട്ടുണ്ട്.

ഇറ്റലി ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അന്റോണിയോ തജാനിക്കൊപ്പമാണ് മലെണി ഇന്ത്യ സന്ദർശിക്കുന്നത്. പ്രധാനമന്ത്രി മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളും തമ്മിൽ പ്രതിരോധ-സാമ്പത്തിക സഹകരണത്തിന് ധാരണയായിട്ടുണ്ട്.

കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലായിരുന്നു ജോർജിയ മെലോണി മോദിയെ വാഴ്ത്തിയത്. ലോകത്തെ ഏറ്റവും പ്രിയപ്പെട്ട നേതാവെന്ന തലത്തിലേക്ക് പ്രധാനമന്ത്രിയുടെ അംഗീകാരം ഉയർന്നിരിക്കുകയാണെന്ന് മെലോണി പറഞ്ഞു. മോദി പ്രധാന നേതാവായി മാറിയത് തെളിയിക്കപ്പെട്ടതാണെന്നും അതിന് എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുകയാണെന്നും ജോർജിയ മെലോണി കൂട്ടിച്ചേർത്തു.

നേരത്തെ, മുസോളിനിയുടെ അനുയായികൾ രണ്ടാം ലോകയുദ്ധത്തിനുശേഷം രൂപീകരിച്ച ഇറ്റാലിയൻ സോഷ്യൽ മൂവ്‌മെന്റിന്റെ(എം.എസ്.ഐ) യുവജന വിഭാഗത്തിൽ അംഗമായിരുന്നു മെലോണി. 19-ാം വയസിൽ തീവ്ര വലതുപക്ഷ പാർട്ടിയായ നാഷനൽ അലയൻസിനു വേണ്ടി പ്രചാരണത്തിനിറങ്ങിയ അവർ മുസോളിനെ വാഴ്ത്തുകയും ചെയ്തു. മുസോളിനി നല്ല രാഷ്ട്രീയക്കാരനാണെന്നും അദ്ദേഹം ചെയ്തതെല്ലാം ഇറ്റലിക്കു വേണ്ടിയാണെന്നുമായിരുന്നു മെലോണി പറഞ്ഞത്. 2006ൽ നാഷനൽ അലയൻസ് എം.പിയായി മെലോണി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനുശേഷം മുസോളിനിക്ക് ചില പിഴവുകൾ പറ്റിയിട്ടുണ്ടെന്നും സമ്മതിക്കുകയും ചെയ്തിരുന്നു.

Summary: Social media reminds Italian PM Giorgia Meloni's praise for Benito Mussolini after her remarks that PM Narendra Modi is most loved of all world leaders

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News