ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറും ലക്ഷ്മണ്‍ സവദിയും മുന്നില്‍
ഷെട്ടാര്‍ ഹുബ്ബള്ളി - ധര്‍വാഡ് മണ്ഡലത്തിലും സവദി അത്താനിയിലുമാണ് മത്സരിച്ചത്
ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കവേ പ്രമുഖ നേതാക്കള്‍ ലീഡ് ചെയ്യുന്നു. ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ ജഗദീഷ് ഷെട്ടാറും ലക്ഷ്മണ്‍ സവദിയും ലീഡ് ചെയ്യുകയാണ്. ഷെട്ടാര്‍ ഹുബ്ബള്ളി - ധര്‍വാഡ് മണ്ഡലത്തിലും സവദി അത്താനിയിലുമാണ് മത്സരിച്ചത്. സിദ്ധരാമയ്യ, ഡി.കെ ശിവകുമാര്‍ എന്നീ നേതാക്കളും മുന്നിലാണ്.
കര്‍ണാടക മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗദീഷ് ഷെട്ടാര്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്നാണ് ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയത്. മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവദിയും സീറ്റ് തര്‍ക്കത്തിനു പിന്നാലെ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തുകയായിരുന്നു.
വോട്ടെണ്ണല്‍ ആദ്യ അര മണിക്കൂര്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് 88 സീറ്റിലും ബി.ജെ.പി 84 സീറ്റിലും ജെ.ഡി.എസ് 15 സീറ്റിലുമാണ് മുന്നേറുന്നത്.
73.19 ശതമാനം വോട്ടെടുപ്പ് നടന്ന ഇത്തവണ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് മിക്ക എക്സിറ്റ്പോൾ സർവെകളും പ്രവചിക്കുന്നു. 140 സീറ്റുകൾ വരെ ലഭിച്ച് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്ന് ഇന്ത്യാ ടുഡേ ആക്സിസ് മൈ ഇന്ത്യ സർവെ പറയുന്നു. കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും എന്നാൽ ആർക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്നും മറ്റു ചില സർവെകൾ പറയുന്നു. അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ ജെ.ഡി.എസ് കിങ് മേക്കറാകും.
പാർട്ടികൾ ഇതിനകം തങ്ങളെ സമീപിച്ചതായും ആരുമായി കൂട്ടുകൂടണമെന്ന് ഇതിനകം തീരുമാനിച്ചു കഴിഞ്ഞെന്നും ജെ.ഡി.എസ് നേതാക്കൾ അവകാശപ്പെട്ടു. എന്നാലിത് ബി.ജെ.പിയും കോൺഗ്രസും നിഷേധിച്ചു. 140 സീറ്റുകൾ നേടുമെന്നും ആരുമായും കൂട്ടുകൂടില്ലെന്നും കോൺഗ്രസ് നേതാവ് ഡി.കെ ശിവകുമാർ പറഞ്ഞു. തങ്ങൾ ആരെയും സമീപിച്ചിട്ടില്ലെന്നും 120 മുതൽ 125 വരെ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും ബി.ജെ.പി നേതാവ് ശോഭ കരന്തലജെ അവകാശപ്പെട്ടു.