പള്ളിയുടെ ഗേറ്റ് പൊളിച്ച ജെ.സി.ബി ക്ഷേത്രമുറ്റത്തേക്ക്: പ്രതിഷേധത്തെ തുടർന്ന് പിന്മാറ്റം
പൊളിക്കാനുള്ള പെർമിഷനോ മുന്നറിയിപ്പോ ഇല്ലാതെയാണ് അധികൃതർ ബുൾഡോസർ കൊണ്ടുവന്നതെന്ന് ക്ഷേത്രത്തിന്റെ കെയർടേക്കർ പറഞ്ഞു.
ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗിർപുരിയിൽ അനധികൃതമായി നിർമിച്ച ക്ഷേത്രത്തിന്റെ മുൻഭാഗം ജെ.സി.ബി ഉപയോഗിച്ച് തകർക്കുന്നത് തടഞ്ഞ് ഹിന്ദുമത വിശ്വാസികൾ. അനധികൃതമായി കയ്യേറി നിർമിച്ചതെന്ന് അധികൃതർ പറയുന്ന കടകളും മുസ്ലിം പള്ളിയുടെ മതിലും തകർത്തപ്പോൾ പ്രദേശവാസികൾ ഒരുമിച്ചുകൂടി ശക്തമായ പ്രതിഷേധം ഉയർത്തുകയായിരുന്നു. പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിന്റെ മതിലിൽ തൊടാതെ ജെ.സി.ബി പിന്മാറി.
സ്വതന്ത്ര മാധ്യമപ്രവർത്തകനായ അൻമോൽ പ്രീതം ആണ് ജഹാംഗിർപുരിയിൽ വ്യത്യസ്ത മതങ്ങളുടെ ആരാധനാലയങ്ങളോട് അധികൃതർ കാണിച്ച വിവേചനം സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയത്.
തകർക്കപ്പെട്ട പള്ളിയുടെ ഗേറ്റും സമീപമുള്ള കടകളും തകർക്കപ്പെട്ടതിന്റെയും, അതേനിരയിലുള്ള ക്ഷേത്രത്തിന്റെ മുൻഭാഗം കേടുപാടില്ലാതെ നിൽക്കുന്നതിന്റെയും ദൃശ്യം അൻമോൽ പ്രീതം ട്വിറ്ററിൽ പങ്കുവെച്ചു. ക്ഷേത്രത്തിനു മുന്നിൽ സുരക്ഷാ സൈനികർ കാവൽ നിൽക്കുന്ന ദൃശ്യങ്ങളും കാണാം.
പൊളിക്കാനുള്ള പെർമിഷനോ മുന്നറിയിപ്പോ ഇല്ലാതെയാണ് അധികൃതർ ബുൾഡോസർ കൊണ്ടുവന്നതെന്ന് ക്ഷേത്രത്തിന്റെ കെയർടേക്കർ പറഞ്ഞു. അതേസമയം, കടകൾ പൊളിച്ചുനീക്കിയതിൽ എല്ലാ വിഭാഗമാളുകൾക്കും നഷ്ടമുണ്ടായിട്ടുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു. ഹിന്ദു-മുസ്ലിം വ്യത്യാസമില്ലാതെയാണ് ഇവിടെ കച്ചവടം നടത്തിയിരുന്നതെന്നും എന്നാൽ, ഡി.എം.സിയുടെ നടപടി നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന പാവങ്ങളെയാണ് ബാധിച്ചതെന്നും ക്ഷേത്രത്തിനു മുന്നിൽ മാധ്യമപ്രവർത്തകരുമായി സംസാരിച്ച യുവാവ് പറഞ്ഞു.
'ഹിന്ദുക്കളുടെയും മുസ്ലിംകളുടെയും കടകൾ ഒരുപോലെ നശിപ്പിച്ചിരിക്കുകയാണ്. എന്റെ കടയും ഇതിനൊപ്പം തകർത്തു. രാഷ്ട്രീയം മാത്രമാണ് ഇതിനു പിന്നിൽ. ഈ കെട്ടിടങ്ങളെല്ലാം 50-ലേറെ വർഷം പഴക്കമുള്ളവയാണ്. ഇപ്പോഴാണോ അവ അനധികൃതമായത്? ഹിന്ദു മുസ്ലിം പ്രശ്‌നമുണ്ടായപ്പോഴാണോ ഇവയുടെ നിർമാണം കുഴപ്പമായത്?' - പ്രദേശത്തെ ഒരു യുവാവ് പറഞ്ഞു.