കലാപം, കേസുകള്‍... ജഹാംഗിര്‍പുരി ഉപേക്ഷിച്ച് ജനങ്ങള്‍
ജനങ്ങള്‍ ഉപേക്ഷിച്ച വീടുകൾക്ക് മുൻപിൽ വാറന്‍റും പതിപ്പിച്ചു പൊലീസും മടങ്ങി
ഡല്‍ഹി: കലാപം നടന്ന ഡൽഹിയിലെ ജഹാംഗിർപുരി ഉപേക്ഷിക്കുകയാണ് സി ബ്ലോക്കിലെ താമസക്കാർ. പൊളിച്ച് നീക്കലിന് പിന്നാലെ പൊലീസ് കേസുകളിൽ കുടുക്കുന്നു എന്നാണു ഇവരുടെ ആരോപണം. കീഴടങ്ങാൻ ആവശ്യപ്പെട്ടു കൊണ്ടുള്ള നോട്ടീസുകളും പൊലീസ് ഇവരുടെ വീടുകൾക്ക് മുൻപിൽ പതിച്ചിട്ടുണ്ട്.
ഹനുമാൻ ജയന്തി ദിവസമുണ്ടായ സംഘര്‍ഷങ്ങളും അതിനു പിന്നാലെ ഉണ്ടായ സംഭവങ്ങളും ഒരു ഞെട്ടലോടെ അല്ലാതെ ഇപ്പോഴും ജഹാംഗിർപുരിയിലെ ജനങ്ങൾക്ക് ഓർക്കാൻ കഴിയുന്നില്ല. ബാരിക്കേഡുകൾ തെരുവുകളിൽ നിന്ന് അപ്രത്യക്ഷമായെങ്കിലും പൊലീസിന്റെ ഇടപെടൽ ഇപ്പോഴും ഇവരുടെ ജീവിതത്തിലുണ്ട്. ഓരോ കേസ് ഉണ്ടാകുമ്പോഴും പൊലീസ് ജഹാംഗിർ പുരിയിലേക്ക് എത്തുന്നു. ചേരികളിൽ നിന്ന് കുറ്റവാളികൾ എന്നാരോപിച്ച് ചിലരെ പിടിച്ചുകൊണ്ട് പോകുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു.
പൊലീസിനെ ഭയന്ന് ജഹാംഗിർപുരി സി ബ്ലോക്കിലെ നിരവധി പേരാണ് ഇതിനോടകം ഡൽഹിയിൽ നിന്ന് പലായനം ചെയ്തത്. കുടുംബങ്ങൾ ഉപേക്ഷിച്ച വീടുകൾക്ക് മുൻപിൽ വാറന്‍റും പതിപ്പിച്ചു പൊലീസും മടങ്ങി.