ബി.ബി.സി ഡോക്യുമെന്ററിക്ക് പ്രദർശന വിലക്കുമായി ജാമിഅ മില്ലിയ്യ; പിന്നോട്ടില്ലെന്ന് വിദ്യാർഥികൾ

എസ്.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ വിദ്യാർഥികൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും

Update: 2023-01-25 10:16 GMT
Editor : afsal137 | By : Web Desk
Advertising

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ബി.ബി.സി ഡോക്യുമെന്ററി പ്രദർശനത്തിന് വിലക്കേർപ്പെടുത്തി ജാമിഅ മില്ലിയ്യ സർവകലാശാല. ക്യാമ്പസിൽ അനധികൃത ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു. എസ്.എഫ്.ഐ പ്രവർത്തകരെ കസ്റ്റഡിയിലെടുത്തതിൽ വിദ്യാർഥികൾ ഇന്ന് പ്രതിഷേധം സംഘടിപ്പിക്കും.

അതേസമയം വിവാദ ഡോക്യുമെന്ററി പ്രദർശനവുമായി മുന്നോട്ടുപോകുമെന്ന് തന്നെയാണ് വിദ്യാർഥികളുടെ നിലപാട്. ഇതിന് മുന്നോടിയായി സർവകലാശാലയിലെ അഞ്ച് വിദ്യാർഥികളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എൻ.എസ്.യു.ഐ, എസ്.എഫ്.ഐ പ്രവർത്തകരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സർവാകലാശാലയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് പ്രഖ്യാപിച്ചവരിൽ പ്രമുഖരാണിവർ. ഇവരെ കസ്റ്റഡിയിലെടുത്ത് ഡോക്യുമെന്ററി പ്രദർശനം തടയുകയെന്നതായിരുന്നു ഡൽഹി പൊലീസിന്റെ ലക്ഷ്യം. അൽപ്പസമയത്തിനകം വിദ്യാർഥികൾ ജാമിയ മില്ലിയ സർവകലാശാലയിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. ക്യാമ്പസിന് പുറത്തായി വലിയ പൊലീസ് സന്നാഹമാണ് നിലയിറുപ്പിച്ചിട്ടുള്ളത്.

ഒരുതരത്തിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കില്ലെന്ന് തന്നെയാണ് സർവകലാശാലയുടെ നിലപാട്. അനധികൃതമായി ആരെങ്കിലും കൂട്ടം കൂടുകയാണെങ്കിൽ അവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് സർവകലാശാല അറിയിച്ചു. ഇന്നലെ ജെ.എൻ.യുവിലുണ്ടായ പ്രതിഷേധങ്ങളും മറ്റും മുന്നിൽ കണ്ട് തന്നെയാണ് പൊലീസ് ക്യാമ്പസിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്നത്. ഇന്ന് ആറു മണിക്ക് എന്ത് സംഭവിച്ചാലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് വിദ്യാർഥികൾ. വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതിനെതിരെ എസ്.എഫ്.ഐ നടത്തുന്ന പ്രതിഷേധ പരിപാടിക്ക് നിരവധി വിദ്യാർഥി സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

Full View

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News