'ബലിയറുത്ത മൃഗങ്ങളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുത്; പ്രകോപനമുണ്ടായാല്‍ പൊലീസിനെ അറിയിക്കണം'; വിശ്വാസികളോട് ജംഇയ്യത്ത്
ഏതെങ്കിലും സ്ഥലത്ത് സാമൂഹിക വിരുദ്ധര്‍ ബലികര്‍മം തടയുകയോ പ്രകോപനം സൃഷ്ടിക്കുകയോ ചെയ്താല്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും വിഷയം ഭരണകൂടത്തെ ധരിപ്പിക്കണമെന്നും അര്‍ഷദ് മദനി നിര്‍ദേശിച്ചു
ലഖ്‌നൗ: ബലിപെരുന്നാളിനോടനുബന്ധിച്ച് വിശ്വാസികള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്. ബലികര്‍മം നടത്തുമ്പോള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പ്രസിഡന്റ് അര്‍ഷദ് മദനി ആഹ്വാനം ചെയ്തു. ബലിയറുത്ത മൃഗങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യരുത്. ഏതെങ്കിലും സാമൂഹിക വിരുദ്ധര്‍ ചടങ്ങ് തടയാന്‍ ശ്രമിച്ചാല്‍ നിയമനടപടികളിലൂടെയാകണം പ്രതികരണമെന്നും ജംഇയ്യത്ത് അധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
യു.പിയില്‍ പെരുന്നാള്‍ നമസ്‌കാരത്തിനും ബലികര്‍മത്തിനും യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് അര്‍ഷദ് മദനിയുടെ ആഹ്വാനം. ബലികര്‍മത്തിനു പകരമായൊന്നും ഇസ്‌ലാമിലില്ല. എന്നാല്‍, ബലിയര്‍പ്പിക്കുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. സോഷ്യല്‍ മീഡിയയില്‍ മൃഗങ്ങളുടെ ചിത്രം പങ്കുവച്ച് പരസ്യപ്പെടുത്തുന്നതെല്ലാം ഒഴിവാക്കമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
ഏതെങ്കിലും സ്ഥലത്ത് സാമൂഹിക വിരുദ്ധര്‍ ബലികര്‍മം തടയുന്ന സ്ഥിതിയുണ്ടായാല്‍ വിഷയം ഭരണകൂടത്തെ അറിയിച്ചു തുടര്‍നടപടികള്‍ സ്വീകരിക്കണമെന്നും മദനി പറഞ്ഞു. നിയമപരമായ മാര്‍ഗങ്ങളിലൂടെ ബലികര്‍മത്തിനുള്ള സാഹചര്യമുണ്ടാക്കണം. പ്രശ്‌നമുള്ള സ്ഥലത്ത് ഒരു നിലയ്ക്കും സാധ്യമല്ലെങ്കില്‍ അത്തരം കുഴപ്പങ്ങളൊന്നുമില്ലാത്ത അടുത്തുള്ള നാടുകളില്‍ എവിടെയെങ്കിലും പോയി ബലികര്‍മം പൂര്‍ത്തീകരിക്കണം. ഏതെങ്കിലും സാമൂഹിക വിരുദ്ധരുടെ ഭാഗത്തുനിന്ന് പ്രകോപന പ്രവര്‍ത്തനങ്ങളുണ്ടായാല്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടൊപ്പം വൃത്തിയും ശുചിത്വവും പാലിച്ചാകണം ബലികര്‍മം നടത്തേണ്ടതെന്നും അര്‍ഷദ് മദനി ചൂണ്ടിക്കാട്ടി. ബലിപെരുന്നാള്‍ സമയത്ത് പൊതുശുചിത്വത്തിനു പ്രത്യേക ശ്രദ്ധ നല്‍കണം. ബലിയറുത്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ കൃത്യമായി സംസ്‌കരിക്കണം. പാതയോരങ്ങളിലോ പൊതുസ്ഥലത്തോ തള്ളരുതെന്നും നമ്മുടെ ഇടപെടല്‍ കാരണം ഒരാളുടെയും വികാരം വ്രണപ്പെടുന്ന സാഹചര്യമുണ്ടാകരുതെന്നും ജംഇയ്യത്ത് അധ്യക്ഷന്‍ ഓര്‍മിപ്പിച്ചു.
ലഖ്‌നൗ ആസ്ഥാനമായുള്ള ഇസ്‌ലാമിക് സെന്റര്‍ ഓഫ് ഇന്ത്യയും വിശ്വാസികള്‍ക്കായി പ്രത്യേകം മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പൊതുനിരത്തുകളില്‍ പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിക്കരുതെന്ന് സെന്റര്‍ മേധാവി മൗലാന ഖാലിദ് റഷീദ് ഫിറങ്കിമഹല്ലി നിര്‍ദേശിച്ചു. നമസ്‌കാരം പള്ളികളിലോ ഈദ് ഗാഹുകളിലോ വച്ചു മാത്രമേ നിര്‍വഹിക്കാവൂ. നമസ്‌കാരത്തിനുശേഷം ഫലസ്തീന്‍ ഉള്‍പ്പെടെ സമാധാനം പുലരാന്‍ പ്രാര്‍ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Summary: 'Don't share pics of slaughtered animals, maintain cleanliness': Jamiat Ulema-e-Hind president Arshad Madani urges Muslims to follow govt guidelines on Eidul Adha