ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് മറ്റന്നാൾ
ആദ്യഘട്ടത്തിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പരസ്യപ്രചാരണം ഇന്നവസാനിക്കും. മറ്റന്നാൾ നടക്കുന്ന വോട്ടെടുപ്പിൽ 24 മണ്ഡലങ്ങൾ വിധിയെഴുതും. ഒരു മാസത്തിലധികം നീണ്ടുനിന്ന വാശിയേറിയ പരസ്യപ്രചാരണത്തിനാണ് ഇന്ന് കൊടിയിറങ്ങുക.
മണ്ഡലങ്ങൾ കേന്ദ്രീകരിച്ചുള്ള മെഗാറാലികളാണ് കലാശക്കോട്ടിൽ പാർട്ടികൾ നടത്തുക. ജന പിന്തുണയും ശക്തിയും തെളിയിക്കുന്ന രീതിയാണ് റാലി നടത്തുന്നത്. വീടുകൾ കയറിയുള്ള പ്രചാരണവും സ്ഥാനാർഥികൾ നടത്തുന്നുണ്ട്. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കുമ്പോഴും ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാമ്യം ലഭിച്ച് കശ്മീരിലെത്തി രണ്ട് ദിവസത്തിന് ശേഷമാണ് അവാമി ഇത്തിഹാദ് പാർട്ടി അധ്യക്ഷൻ എൻജിനീയർ റാഷിദ് ജമ്മു കശ്മീർ ജമാഅത്തെ ഇസ്‌ലാമി പിന്തുണക്കുന്ന സ്ഥാനാർഥികളമായി സഖ്യം ചേരാൻ തീരുമാനിച്ചത്.
ചില സീറ്റുകളിൽ പരസ്പരം മത്സരമുണ്ടാകുമെന്നും സഖ്യത്തിന്റെ പ്രധാന ലക്ഷ്യം കശ്മീരികളുടെ ശബ്ദം ഉയർത്തുകയാണെന്നും എഞ്ചിനീയർ റാഷിദ് പറഞ്ഞു. അതിനിടെ, തെരഞ്ഞെടുപ്പിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറിലെത്തും. വ്യാഴാഴ്ച ശ്രീനഗറിൽ നടക്കുന്ന ബിജെപി റാലിയിൽ മോദി സംസാരിക്കും. ഈ മാസം 25, അടുത്ത മാസം ഒന്ന് തീയതികളിലാണ് രണ്ടും മൂന്നും ഘട്ട തെരഞ്ഞെടുപ്പ്.