ജമ്മുകശ്മീർ , ഹരിയാന മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ
ജമ്മുകശ്മീരിൽ നാളെയും ഹരിയാനയിൽ മറ്റന്നാളും ആണ് സത്യപ്രതിജ്ഞ
ശ്രീനഗര്‍: ജമ്മുകശ്മീർ , ഹരിയാന മന്ത്രിസഭാ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. ഹരിയാനയിൽ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം നാളെ ചേരും. ജമ്മുകശ്മീരിൽ നാളെയും ഹരിയാനയിൽ മറ്റന്നാളും ആണ് സത്യപ്രതിജ്ഞ.
മറ്റന്നാൾ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ഹരിയാനയിൽ മന്ത്രിമാരെ സംബന്ധിച്ച് ഇതുവരെ ധാരണയായിട്ടില്ലെന്നാണ് വിവരം . നായബ് സിങ് സെയ്നി മുഖ്യമന്ത്രിയായി തുടരുന്ന സാഹചര്യത്തിൽ ജാട്ട് വിഭാഗത്തിൽ നിന്ന് ഒരു ഉപമുഖ്യമന്ത്രി വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ബിജെപിയുടെ നിയമസഭാ കക്ഷിയോഗം ചേർന്ന് നിയമസഭാ കക്ഷി നേതാവിനെ ഔദ്യോഗികമായി തെരഞ്ഞെടുത്ത ശേഷം മറ്റ് ചർച്ചകളിലേക്ക് കടക്കുമെന്നാണ് ബിജെപി നേതാക്കൾ നൽകുന്ന വിവരം. ബിജെപി നേതൃത്വം ഹരിയാനയിലെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാൻ കേന്ദ്ര നിരീക്ഷകരായി ആഭ്യന്തര മന്ത്രി അമിത് ഷായേയും മധ്യ പ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനേയും നിശ്ചയിച്ചിരുന്നു.
അതേസമയം ജമ്മു കശ്മീരിൽ ഒമർ അബ്ദുല്ല മന്ത്രി സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നാളെ നടക്കും.കോൺഗ്രസിന് രണ്ട് മന്ത്രി സ്ഥാനവും ക്യാബിനറ്റ് റാങ്കുള്ള ഡെപ്യൂട്ടി സ്പീക്കർ പദവിയും നൽകാനുള്ള നീക്കത്തിലാണ് നാഷണൽ കോൺഫറൻസ്. എന്നാൽ കോൺഗ്രസ് നാല് മന്ത്രി സ്ഥാനമാണ് മുൻപോട്ടു വച്ചിരിക്കുന്നത്.സിപിഐഎം എംഎൽഎ മുഹമ്മദ് യൂസഫ് തരിഗാമിയെ മന്ത്രിയാക്കുന്നതിലും ചർച്ചകൾ പുരോഗമിക്കുകയാണ്.