ജമ്മു കശ്മീരിൽ ജയിൽ ഡിജിപി വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ
സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നില്ലെന്ന് ജമ്മു സോൺ എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു.
ശ്രീനഗർ: ജമ്മു കശ്മീരിൽ ജയിൽ ഡിജിപി ഹേമന്ത് ലോഹിയ (57)യെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ജമ്മുവിന്റെ പ്രാന്തപ്രദേശമായ ഉദയ്‍വാലിയിലെ വസതിയിൽ കഴുത്തറുത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
സംഭവത്തിൽ തീവ്രവാദ ബന്ധം സംശയിക്കുന്നില്ലെന്ന് ജമ്മു സോൺ എ.ഡി.ജി.പി മുകേഷ് സിങ് പറഞ്ഞു. പ്രാഥമിക പരിശോധനയിൽ ഡി.ജി.പിയുടെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നു.
ഇദ്ദേഹത്തിന്റെ വീട്ടുജോലിക്കാനാണ് കൊലയ്ക്ക് പിന്നിലെന്നാണ് കരുതുന്നത്. ഒളിവിലുള്ള ഇയാൾക്കായി തിരച്ചിൽ പുരോഗമിക്കുകയാണെന്നും എ.ഡി.ജി.പി വിശദമാക്കി.
മുതിർന്ന ഉദ്യോഗസ്ഥന്റെ മരണത്തിൽ ജമ്മു- കശ്മീർ പൊലീസ് അഗാധമായ ദുഖം രേഖപ്പെടുത്തുന്നതായും പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.
ഉന്നതോദ്യോഗസ്ഥരും ഫൊറൻസിക്, കുറ്റാന്വേഷണ സംഘങ്ങളും സംഭവസ്ഥലത്തെത്തിയതായി പൊലീസ് അറിയിച്ചു. 1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഹേമന്ത് ലോഹിയ ഓഗസ്റ്റിലാണ് ജയിൽ ഡി.ജി.പിയായി ചുമതലയേറ്റത്.