'കേരള സ്റ്റോറി' രംഗങ്ങൾ വാട്‍സ്ആപ് ഗ്രൂപ്പിലിട്ടു; കോളേജ് ഹോസ്റ്റലിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം
വിദ്യാർത്ഥികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പഠന സംബന്ധമായ കാര്യങ്ങൾ മാത്രം പങ്കുവയ്ക്കാൻ വേണ്ടിയുള്ളതാണെന്നും അതിൽ ഇത്തരം വിവാദങ്ങൾ പ്രചരിപ്പിക്കരുതെന്നും ചില വിദ്യാർഥികൾ പറഞ്ഞു
ഡൽഹി: ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജിൽ വിവാദ സിനിമയായ 'ദി കേരള സ്റ്റോറി'യെ ചൊല്ലിയുണ്ടായ തർക്കത്തിൽ അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഹോസ്റ്റലിനുള്ളിൽ രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു തർക്കം.
സിനിമയുടെ ചില രംഗങ്ങൾ കോളേജിലെ വാട്സാപ്പ് ഗ്രൂപ്പിൽ അപ്‌ലോഡ് ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. വിദ്യാർത്ഥികളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് പഠന സംബന്ധമായ കാര്യങ്ങൾ മാത്രം പങ്കുവയ്ക്കാൻ വേണ്ടിയുള്ളതാണെന്നും അതിൽ ഇത്തരം വിവാദങ്ങൾ പ്രചരിപ്പിക്കരുതെന്നും ചില വിദ്യാർഥികൾ പറഞ്ഞു. വാട്സാപ്പ് ഗ്രൂപ്പിലുണ്ടായ ഈ തർക്കമാണ് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചത്.
പുറത്തുനിന്നുള്ളവർ പോലും ഹോസ്റ്റലിനുള്ളിൽ നടന്ന സംഭവത്തിൽ ഇടപെട്ടിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കോളേജിൽ ചില വിദ്യാർഥികൾ വർഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതായി പരിക്കേറ്റ വിദ്യാർത്ഥികളിൽ ഒരാൾ ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രിൻസിപ്പൽ ഡോ.ഷാഹി സുധൻ ഇന്നലെ രാത്രി ഹോസ്റ്റലിൽ തങ്ങുകയായിരുന്നു. വിദ്യാർത്ഥികളുടെ ആരോപണം നിഷേധിച്ച പ്രിൻസിപ്പൽ രാജ്യത്തുടനീളമുള്ള 150 ഓളം വിദ്യാർത്ഥികൾ കോളേജിലുണ്ടെന്നും അവരെല്ലാം ഒരുമയോടെയാണ് കഴിയുന്നതെന്നും അഭിപ്രായപ്പെട്ടു.
ആശുപത്രിയിൽ എത്തിച്ച അഞ്ച് വിദ്യാർത്ഥികളിൽ നാലുപേരെ രാവിലെ ഡിസ്ചാർജ് ചെയ്തിരുന്നു. ജമ്മു ഡിവിഷനിലെ ഭാദേർവ ഏരിയയിൽ നിന്നുള്ള ഒരാൾ തലയിൽ ആഴത്തിലുള്ള പരിക്കോടെ ആശുപത്രിയിൽ തന്നെ തുടരുകയാണ്.