ജയനഗറില്‍ പലവട്ടം റീകൗണ്ടിങ്, ഒടുവില്‍ ബി.ജെ.പിയുടെ വിജയം 16 വോട്ടിന്; കോണ്‍ഗ്രസ് കോടതിയിലേക്ക്
ജയനഗർ മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയാണ് വിജയിച്ചതെന്ന് ഡി.കെ ശിവകുമാര്‍
ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ നിയമസഭാ മണ്ഡലത്തിലെ ഫലം പ്രസിദ്ധീകരിച്ചത് അനിശ്ചിതത്വങ്ങള്‍ക്കും നാടകീയതകള്‍ക്കും ഒടുവില്‍. പലതവണ റീകൌണ്ടിങ്ങിനു ശേഷമാണ് ബി.ജെ.പി സ്ഥാനാര്‍ഥി സി.കെ രാമമൂര്‍ത്തിയുടെ വിജയം പ്രഖ്യാപിച്ചത്. 16 വോട്ടാണ് ഭൂരിപക്ഷം. സൗമ്യ റെഡ്ഡിയാണ് ഈ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. തെരഞ്ഞെടുപ്പ് ഫലം അട്ടിമറിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
വോട്ടെണ്ണലിന്‍റെ തുടക്കം മുതല്‍ സൗമ്യ റെഡ്ഡിക്കായിരുന്നു നേരിയ ലീഡ്. വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ 160 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സൗമ്യ റെഡ്ഡി വിജയിച്ചെന്ന് അറിയിപ്പ് വന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങുകയും ചെയ്തു. പിന്നാലെ റീകൗണ്ടിങ് നടത്തണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യം അംഗീകരിച്ചു. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി തള്ളിയ പോസ്റ്റല്‍ വോട്ടുകള്‍ കൂടി എണ്ണണമെന്നായിരുന്നു ബി.ജെ.പിയുടെ ആവശ്യം. ഈ വോട്ടുകള്‍ കൂടി എണ്ണിയ ശേഷം രാമമൂര്‍ത്തിക്ക് 57,797 വോട്ടും സൗമ്യ റെഡ്ഡിക്ക് 57,781 വോട്ടും ലഭിച്ചതായി പ്രഖ്യാപിച്ചു.
ഡി.കെ ശിവകുമാറിന്‍റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലെത്തിയിരുന്നു. "ജയനഗർ നിയമസഭാ മണ്ഡലത്തില്‍ കോൺഗ്രസ് സ്ഥാനാർഥി സൗമ്യ റെഡ്ഡിയാണ് വിജയിച്ചത്. എന്നാൽ വീണ്ടും വോട്ടെണ്ണലെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ ഫലം അട്ടിമറിച്ചു. ശക്തമായി പ്രതിഷേധിക്കുന്നു"- ശിവകുമാർ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ജയനഗറിലെ സിറ്റിങ് എം.എല്‍.എയാണ് സൗമ്യ റെഡ്ഡി.
224 അംഗ നിയമസഭയില്‍ 136 സീറ്റില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. ബി.ജെ.പി 66 സീറ്റിലേക്ക് ചുരുങ്ങി. ജെ.ഡി.എസ് 19 സീറ്റിലും മറ്റുള്ളവര്‍ മൂന്ന് സീറ്റിലും വിജയിച്ചു.