'സുതാര്യത ഉറപ്പാക്കും'; വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് ടി.ഡി.പി, ജെ.ഡി (യു)

കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജുവാണ് ഇന്ന് പാർലമെന്റിൽ വഖഫ് ഭേദ​​ഗതി ബിൽ അവതരിപ്പിച്ചത്.

Update: 2024-08-08 12:42 GMT
Advertising

ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ച് എൻ.ഡി.എ ഘടക കക്ഷികളായ ടി.ഡി.പിയും ജെ.ഡി (യു)വും. ബിൽ വഖഫ് ബോർഡിന്റെ പ്രവർത്തനം സുതാര്യമാക്കാൻ ലക്ഷമിട്ടുള്ളതാണെന്നും പള്ളികളുടെ പ്രവർത്തനത്തിൽ ഇടപെടാനുള്ള ശ്രമമല്ലെന്നും നേതാക്കൾ പറഞ്ഞു.

''ബിൽ മുസ്‌ലിം വിരുദ്ധമാണെന്ന് ആരോപിച്ച് നിരവധി അംഗങ്ങൾ ബഹളംവെക്കുകയാണ്. അതെങ്ങനെയാണ് മുസ്‌ലിം വിരുദ്ധമാകുന്നത്? അയോധ്യ ഒരു ഉദാഹരണമായി കാണാം...ഒരു ക്ഷേത്രത്തേയും ഒരു സ്ഥാപനത്തേയും വേർതിരിച്ചു കാണാൻ കഴിയില്ലേ? ഇത് പള്ളികളിൽ ഇടപെടാനുള്ള ശ്രമമല്ല. ഇത് സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള നിയമമാണ്. അതിന്റെ പ്രവർത്തനം സുതാര്യമാക്കാനാണ്...''-ജെ.ഡി (യു) നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് രഞ്ജൻ സിങ് പറഞ്ഞു.

നിയമപരമായി രൂപീകൃതമായ സംവിധാനമാണ് വഖഫ് ബോർഡ്. നിയമപരമായി രൂപീകരിക്കപ്പെട്ട ഒന്നിന് ഏകാധിപത്യപരമാവാൻ കഴിയില്ല. സുതാര്യത ഉറപ്പാക്കാൻ നിയമം കൊണ്ടുവരാൻ സർക്കാറിന് അവകാശമുണ്ടെന്ന് രാജീവ് രഞ്ജൻ സിങ് പറഞ്ഞു.

ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിട്ടതിൽ തന്റെ പാർട്ടിക്ക് എതിർപ്പില്ലെന്ന് ടി.ഡി.പി എം.പി ജി.എം ഹരീഷ് ബാലയോഗി പറഞ്ഞു. പുതിയ ബിൽ കൊണ്ടുവന്ന സർക്കാറിന്റെ ഉദ്ദേശ ശുദ്ധിയെ അദ്ദേഹം അഭിനന്ദിച്ചു. വഖഫ് ചെയ്തവരുടെ ലക്ഷ്യം സംരക്ഷിക്കപ്പെട്ടണം. അധികാരം ദുരുപയോഗം ചെയ്യപ്പെടുമ്പോൾ സുതാര്യത ഉറപ്പാക്കാൻ പരിഷ്‌കാരം കൊണ്ടുവരേണ്ടത് സർക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ഹരീഷ് ബാലയോഗി പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News