ബിഹാറിൽ ജാതി സെൻസസ് മുഖ്യ ആയുധമാക്കാൻ ജെ.ഡി.യു; ബി.ജെ.പി വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കാനാവുമെന്ന് വിലയിരുത്തൽ
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വലിയ പ്രതിസന്ധിയാണ് ബി.ജെ.പിക്ക് മുമ്പിൽ ബിഹാർ സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്.
പട്‌ന: ബിഹാറിലെ ജാതി സെൻസസ് മുഖ്യ ആയുധമാക്കാനൊരുങ്ങി ജെ.ഡി.യു. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വോട്ട് ബാങ്കുകളിൽ സർവേ ഫലം വിള്ളലുണ്ടാക്കുമെന്നാണ് നിതീഷ് കുമാർ കണക്ക് കൂട്ടുന്നത്. ബിഹാറിന്റെ ചുവടുപിടിച്ച് ജാതി സർവേ നടത്താൻ ഒരുങ്ങുന്ന സംസ്ഥാനങ്ങൾ ബി.ജെ.പിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.
ഗാന്ധി ജയന്തി ദിനത്തിൽ ജാതി സെൻസസ് ഫലം ജെ.ഡി.യു നേതൃത്വം നൽകുന്ന ബിഹാർ സർക്കാർ പുറത്തുവിട്ടത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ ആണ്. ഹിന്ദുത്വ രാഷ്ട്രീയത്തിൽ പ്രതീക്ഷവെ്ക്കുന്ന ബിജെപിക്ക് ഇത് കനത്ത തിരിച്ചടി ആണ് നൽകിയിരിക്കുന്നത്. ജാതി സെൻസസിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്ക് കൂടുതൽ സംവരണം ഏർപ്പെടുത്താൻ ആണ് ബിഹാർ സർക്കാർ നീക്കം. സംസ്ഥാനത്തെ ജനസംഖ്യയിൽ 80 ശതമാനം വരുന്ന പിന്നോക്ക പട്ടിക ജാതി, പട്ടിക വർഗ വിഭാഗത്തെ കയ്യിലെടുക്കാനാണ് പുതിയ സംവരണ പ്രഖ്യാപനങ്ങളിലൂടെ ജെ.ഡി.യു ശ്രമിക്കുന്നത്. വോട്ട് ബാങ്കായ സംവരണേതര വിഭാഗത്തിന് വേണ്ടി അവകാശവാദം ഉന്നയിക്കാൻ ബി.ജെ.പിയെ അനുവദിക്കാത്ത നിലയിലാണ് നിതീഷ് കുമാറിന്റെ പ്രഖ്യാപനങ്ങൾ.
#WATCH | Patna: In the Bihar Assembly, Bihar CM Nitish Kumar says, "The 50% (reservation) should be increased to at least 65%... The upper caste has 10% already (EWS). So 65 and 10 make 75%. The remaining would be 25%. Earlier, 40% was free now it would be 25%. The reservation… pic.twitter.com/2UsOinNnOi
— ANI (@ANI) November 7, 2023
2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ വലിയ പ്രതിസന്ധിയാണ് ബി.ജെ.പിക്ക് മുമ്പിൽ ബിഹാർ സർക്കാർ സൃഷ്ടിച്ചിരിക്കുന്നത്. ഹിന്ദി ബെൽറ്റിൽ ബിഹാർ തുടങ്ങിവച്ച മാതൃക മറ്റ് സംസ്ഥാനങ്ങൾ സ്വീകരിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ. മറ്റ് പ്രതിപക്ഷ പാർട്ടികൾ കൂടി ഇതേ പാത സ്വീകരിച്ചാൽ തുടർഭരണം പ്രതീക്ഷിക്കുന്ന ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം.