അറസ്റ്റ് ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്- ജിഗ്നേഷ് മേവാനി മീഡിയവണിനോട്
അറസ്റ്റിന് പിന്നിൽ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്ന് ജിഗ്നേഷ് മേവാനി പറഞ്ഞു
ഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് ജിഗ്നേഷ് മേവാനി മീഡിയവണിനോട്. അറസ്റ്റിന് പിന്നിൽ വലിയ ഗൂഢാലോചന തന്നെ നടന്നിട്ടുണ്ടെന്നും ജിഗ്നേഷ് മേവാനി പറഞ്ഞു. എഫ്ഐആർ അധികാര ദുർവിനിയോഗം ചെ്യ്തതിനെയാണ് ആസാം കോടതി തടഞ്ഞത്. എതിർ സ്വരങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് തന്‍റെ കാര്യത്തിലും ഹാർദിക് പട്ടേലിന്‍റെ കാര്യത്തിലും നടന്നത്. രണ്ടായിരം കിലോമീറ്റർ അകലെയുള്ള ആൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത് ഗൂഢാലോചനയാണ് എന്ന് മേവാനി പറഞ്ഞു.
ഗുജറാത്തിൽ കഴിഞ്ഞ 10 വർഷത്തിനകം 17 പരീക്ഷകളുടെ പേപ്പറുകൾ ചോർന്നു. 1.75 ലക്ഷം കോടി രൂപയുടെ മയക്കുമരുന്ന് മുന്ദ്ര തുറമുഖത്ത് നിന്ന് പിടികൂടി. ഇതിലൊന്നും അറസ്റ്റോ എഫ്ഐആറോ ഉണ്ടായില്ല. എന്നാൽ ഒരു ട്വീറ്റിന്‍റെ പേരിൽ ഗോഡ്സെ ഭക്തന്മാർ തനിക്ക് എതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് മേവാനി പറഞ്ഞു. എഫ്ഐആർ തയ്യാറാക്കും മുൻപ് പോലീസ് വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെന്നും തന്നെ അറസ്റ്റ് ചെയ്യണം എന്ന് മുൻകൂട്ടി തീരുമാനിച്ചിരുന്നു എന്നും മേവാനി കൂട്ടിച്ചേര്‍ത്തു.