'72 മണിക്കൂറിനുള്ളിൽ ചുമത്തിയത് രണ്ട് കള്ളക്കേസുകൾ'; എം.എൽ.എ സ്ഥാനം രാജിവെക്കുന്നതായി ജിതേന്ദ്ര അവ്ഹദ്

'ഹർ ഹർ മഹാദേവ്' സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്തിയതിന് കഴിഞ്ഞയാഴ്ച ജിതേന്ദ്ര അവാദിനെ അറസ്റ്റ് ചെയ്തിരുന്നു

Update: 2022-11-14 07:48 GMT
Editor : Lissy P | By : Web Desk
Advertising

മുംബൈ: 72 മണിക്കൂറിനുള്ളിൽ രണ്ട് കള്ളക്കേസുകൾ ചുമത്തിയതിൽ പ്രതിഷേധിച്ച് എം.എൽ.എ സ്ഥാനം രാജിവെക്കുന്നതായി എൻസിപി നേതാവ് ജിതേന്ദ്ര അവാദ്. ഛത്രപതി ശിവാജി മഹാരാജിന്റെ ചരിത്രം വളച്ചൊടിച്ചെന്നാരോപിച്ച്  താനെയിൽ മറാത്തി സിനിമയായ 'ഹർ ഹർ മഹാദേവ്' സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്തിയതിന് കഴിഞ്ഞയാഴ്ച ജിതേന്ദ്ര അവാദ് അറസ്റ്റിലായിരുന്നു. ഈ കേസിൽ ജാമ്യമത്തിലിറങ്ങിയ മുൻ മഹാരാഷ്ട്ര മന്ത്രി കൂടിയായിരുന്ന അവാദിനെതിരെ സ്ത്രീയെ ആക്രമിച്ചെന്ന കേസാണ് പുതുതായി രജിസ്റ്റർ ചെയ്തത്.

നവംബർ 13 ന് മുംബ്രയിലെ പാലം തുറക്കുന്ന സമയത്ത് ഒരു പൊതു പരിപാടിക്കിടെ സ്ത്രീയെ തള്ളിയിട്ടെന്ന പരാതിയിലാണ് ഇന്ത്യൻ ശിക്ഷാ നിയമം സെക്ഷൻ 354 പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

'കഴിഞ്ഞ 72 മണിക്കൂറിനുള്ളിൽ പോലീസ് തനിക്കെതിരെ രണ്ട് കള്ളക്കേസുകൾ ചുമത്തി, അതും ഐപിസി സെക്ഷൻ 354 പ്രകാരം. ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണ്. ഞാൻ ചെയ്യും. പോരാടൂ, എന്റെ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ ഞാൻ തീരുമാനിച്ചു.'' താനെയിലെ മുംബ്ര-കൽവ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎ അവാദ് ട്വീറ്റ് ചെയ്തു. മറാത്തിയിലായിരുന്നു ട്വീറ്റ്.

അവാദിനെതിരെ കേസെടുത്തതിൽ രോഷാകുലരായ എൻസിപി പ്രവർത്തകർ മുമ്പ്ര പൊലീസ് സ്റ്റേഷനിൽ പ്രതിഷേധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. 'ഹർ ഹർ മഹാദേവ്' എന്ന സിനിമയുടെ പ്രദർശനം ബലമായി തടഞ്ഞതിന് അവാദിനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്യുകയും ശനിയാഴ്ച വിട്ടയക്കുകയും ചെയ്തിരുന്നു.

ഉന്നത അധികാരികളുടെ സമ്മർദഫലമാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും അവാദ് ആരോപിച്ചിരുന്നു. എന്നാൽ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു, പൊലീസ് നിയമപ്രകാരമാണ് നടപടിയെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News