രാജ്യസഭയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ഇനി ബി.ജെ.പിയോട് കൂട്ടില്ലെന്ന് മുന്‍ സഖ്യകക്ഷി

ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യം ചേരില്ലെന്ന് ഹരിയാന മുന്‍ ഉപ മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല വ്യക്തമാക്കി

Update: 2024-06-28 16:16 GMT
Editor : Shaheer | By : Web Desk

ദുഷ്യന്ത് ചൗട്ടാല

Advertising

ചണ്ഡിഗഢ്: ബി.ജെ.പിയുമായി ഇനിയും കൂട്ടുകൂടാനില്ലെന്നു വ്യക്തമാക്കി ഹരിയാനയിലെ മുന്‍ സഖ്യകക്ഷി ജനനായക് ജനതാ പാര്‍ട്ടി(ജെ.ജെ.പി). രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കുമെന്ന് പാര്‍ട്ടി തലവനും ഹരിയാന മുന്‍ ഉപ മുഖ്യമന്ത്രിയുമായ ദുഷ്യന്ത് ചൗട്ടാല അറിയിച്ചു. ഈ വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുമായി സഖ്യം ചേരില്ലെന്ന് ചൗട്ടാല വ്യക്തമാക്കി.

ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പിയായിരുന്ന ദീപേന്ദര്‍ സിങ് ഹൂഡ റോഹ്തക് ലോക്‌സഭാ മണ്ഡലത്തില്‍ വിജയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പൊതുസമ്മതനായ പ്രതിപക്ഷ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണെങ്കില്‍ പിന്തുണയ്ക്കുമെന്നാണ് ചൗട്ടാല അറിയിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന് അംഗസംഖ്യയില്ലെന്ന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ ഹൂഡയുടെ പ്രസ്താവന ഒത്തുകളിയുടെ സൂചനയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബി.ജെ.പിയുമായി ഏറ്റുമുട്ടണമെന്ന് ബി.ജെ.പിക്ക് ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയെ രാജ്യസഭയിലേക്കു നിര്‍ത്തണമെന്നും ദുഷ്യന്ത് ചൗട്ടാല ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷം ഇതാദ്യമായാണ് ചൗട്ടാല മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

''കോണ്‍ഗ്രസ് ബി.ജെ.പിയുമായി ഏറ്റുമുട്ടാന്‍ നില്‍ക്കുകയാണെങ്കില്‍ ജയത്തെ കുറിച്ചോ തോല്‍വിയെ കുറിച്ചോ ആലോചിക്കരുത്. സ്വീകാര്യരായ ഏതു സ്ഥാനാര്‍ഥികളെ നിര്‍ത്തിയാലും ഞങ്ങള്‍ പിന്തുണയ്ക്കും. കായികരംഗത്തുനിന്ന് ഉള്‍പ്പെടെയുള്ള ഏതെങ്കിലും പ്രമുഖ വ്യക്തികളാകണം സ്ഥാനാര്‍ഥി. അങ്ങനെയൊരു സ്ഥാനാര്‍ഥിയെയല്ല അവര്‍ നിര്‍ത്തുന്നതെങ്കില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ ഒത്തുകളിയുണ്ടെന്നാണു മനസിലാക്കേണ്ടത്. ഞങ്ങള്‍ക്ക് കോണ്‍ഗ്രസിനെ പോലെ 30 എം.എല്‍.എമാരുണ്ടെങ്കില്‍ ജയപരാജയങ്ങളെ കുറിച്ച് ഒട്ടും ആലോചിക്കാതെ തന്നെ സ്ഥാനാര്‍ഥികളെ നിര്‍ത്തും.''

ബി.ജെ.പിക്കു സംഭവിച്ചതു തന്നെയാണ് തങ്ങള്‍ക്കുമുണ്ടായതെന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്കൊപ്പം തങ്ങളുടെ പാര്‍ട്ടിക്കും കര്‍ഷക പ്രക്ഷോഭത്തിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവന്നു. ഏതാനും ആഴ്ചകള്‍ക്കകം തെരഞ്ഞെടുപ്പ് സഖ്യങ്ങളെ കുറിച്ച് പ്രവര്‍ത്തകരുടെ അഭിപ്രായം തേടും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് സഖ്യം തീരുമാനിക്കുകയെന്നും ദുഷ്യന്ത് ചൗട്ടാല അറിയിച്ചു.

അതേസമയം, ബി.ജെ.പിയുമായി സഖ്യമുണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഭാവിയില്‍ ബി.ജെ.പിക്കൊപ്പം ചേരുന്നതില്‍ അര്‍ഥമില്ല. തെരഞ്ഞെടുപ്പിനുശേഷവും അവരുമായി ഒരു ബന്ധവുമില്ല. ബി.ജെ.പിയുമായി സഖ്യം ചേര്‍ന്നതുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജെ.ജെ.പിക്ക് തിരിച്ചടി നേരിട്ടതെന്നും ചൗട്ടാല പറഞ്ഞു.

കഴിഞ്ഞ മാര്‍ച്ചിലാണു നാലര വര്‍ഷത്തോളം നീണ്ട ബി.ജെ.പി സഖ്യം ജെ.ജെ.പി അവസാനിപ്പിച്ചത്. മനോഹര്‍ലാല്‍ ഖട്ടാറിനെ മാറ്റി നയാബ് സിങ് സൈനിയെ മുഖ്യമന്ത്രിയാക്കിയതിനു പിന്നാലെയായിരുന്നു നീക്കം. ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്ത് മണ്ഡലങ്ങളിലും പാര്‍ട്ടി ഒറ്റയ്ക്കാണു മത്സരിച്ചത്. 2019 ഒക്ടോബറിലായിരുന്നു ജെ.ജെ.പി ബി.ജെ.പിക്കൊപ്പം സഖ്യം ചേര്‍ന്നത്.

Summary: Jannayak Janta Party(JJP) leader and fomer deputy Chief Minister of Haryana Dushyant Chautala rules out alliance with BJP in Haryana, ready to support Congress in Rajya Sabha polls

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News