ജമ്മു-കശ്മീർ മണ്ഡല പുനർനിർണയം; അന്തിമ വിജ്ഞാപനം പുറത്തിറക്കി
അസംബ്ലിയിലേക്ക് ജമ്മു ഡിവിഷനിൽ ആറു സീറ്റ് വർധിപ്പിച്ചപ്പോൾ കശ്മീർ ഡിവിഷനിൽ ഒരു സീറ്റ് മാത്രമാണ് കൂട്ടിയത്. ഇതോടെ ജമ്മു-കശ്മീരിൽ ആകെ 83 സീറ്റുണ്ടായിരുന്നത് 90 സീറ്റായി വർധിച്ചു.
ന്യൂഡൽഹി: ജമ്മു-കശ്മീരിലെ മണ്ഡല പുനർനിർണയത്തിൽ അന്തിമ വിജ്ഞാപനമായി. മണ്ഡല പുനർനിർണയ കമ്മീഷൻ അന്തിമ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഗസറ്റിൽ ഉൾപ്പെടുത്തി വിജ്ഞാപനമിറക്കിയത്.
അസംബ്ലിയിലേക്ക് ജമ്മു ഡിവിഷനിൽ ആറു സീറ്റ് വർധിപ്പിച്ചപ്പോൾ കശ്മീർ ഡിവിഷനിൽ ഒരു സീറ്റ് മാത്രമാണ് കൂട്ടിയത്. ഇതോടെ ജമ്മു-കശ്മീരിൽ ആകെ 83 സീറ്റുണ്ടായിരുന്നത് 90 സീറ്റായി വർധിച്ചു. കശ്മീർ ഡിവിഷനിൽ 47ഉം ജമ്മു ഡിവിഷനിൽ 43ഉം സീറ്റാണ് ശിപാർശയിലുള്ളത്. നിലവിൽ കശ്മീരിൽ 46ഉം ജമ്മുവിൽ 37ഉം സീറ്റുകളാണുള്ളത്.
ചില അസംബ്ലി മണ്ഡലങ്ങളുടെ പേരുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. തൻങ്മാർഗ്-ഗുൽമാർഗ്, സോൻവാർ-ലാൽചൗക്ക്, സൂനിമർ-സെയ്ദിബാൽ, പാദ്ദർ പാദ്ദർ-ഗാഗ്‌സേനി, വടക്കൻ കത്വ-ജസോർട്ട, തെക്കൻ കത്വ-കത്വ, ഖൗർ-ചാമ്പ്, മാഹോർ-ഗുലാബ്ഗർ, ദർഹാൽ-ബുദ്ഹാൽ എന്നിങ്ങനെയാണ് മാറ്റം.
2019ൽ ജമ്മു - കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി കേന്ദ്ര ഭരണപ്രദേശമാക്കി പ്രഖ്യാപിച്ചതിന് പിന്നാലെ 2020 മാർച്ചിലാണ് മണ്ഡല പുനർനിർണയത്തിനായി കമ്മീഷനെ നിയോഗിച്ചത്. സുപ്രിംകോടതി റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായി അധ്യക്ഷനായ കമ്മീഷനിൽ ചീഫ് ഇലക്ഷൻ കമ്മീഷണർ സുശീൽ ചന്ദ്ര, ജമ്മു-കശ്മീർ ഇലക്ഷൻ കമ്മീഷണർ കെ.കെ ശർമ എന്നിവരാണ് എക്‌സ് ഒഫീഷ്യോ അംഗങ്ങൾ.