ജെഎൻയുവിലെ വിവാദ കൗണ്ടർ ടെററിസം കോഴ്‌സിന് എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം

ഇസ്‌ലാം മതത്തെ മൗലിക വാദത്തിന്റെയും മതഭീകരവാദത്തിന്റെയും ഏക രൂപമായി പരിചയപ്പെടുത്തുന്ന കോഴ്‌സിനാണ് അംഗീകാരം നൽകിയത്

Update: 2021-09-03 05:29 GMT
Advertising

ന്യൂഡൽഹി: വിവാദമായ കൗണ്ടർ ടെററിസം കോഴ്‌സിന് ജവഹർലാൽ നെഹ്‌റു യൂനിവാഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം. അധ്യാപകരുടെയും വിദ്യാർഥികളുടെയും കടുത്ത വിമർശനം നേരിട്ട, ഇസ്‌ലാം മതത്തെ മൗലിക വാദത്തിന്റെയും മതഭീകരവാദത്തിന്റെയും ഏക രൂപമായി പരിചയപ്പെടുത്തുന്ന കോഴ്‌സിനാണ് അംഗീകാരം നൽകിയത്.

പഴയ സോവിയറ്റ് യൂനിയനിലെയും ചൈനയിലെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങൾ തീവ്രവാദത്തിന്റെ സ്‌പോൺസർമാരാണെന്നും ഇവരാണ് തീവ്ര ഇസ്‌ലാമിക സ്‌റ്റേറ്റുകളെ സ്വാധീനിച്ചതെന്നും എൻജിനിയറിങ് വിദ്യാർഥികൾക്ക് പഠിക്കാനുള്ള ഈ കോഴ്‌സിൽ പറയുന്നു.

എക്‌സിക്യൂട്ടീവ് കൗൺസിലിന് കോഴ്‌സ് ഉള്ളടക്കത്തിൽ ഇടപെടാനാകില്ലെന്ന് പറഞ്ഞ് വൈസ് ചാൻസ്‌ലർ എം ജഗദീഷ് കുമാർ ഒരുവിധ ചർച്ചയും അനുവദിച്ചില്ല. ആഗസ്ത് 17 ന് നടന്ന അക്കാദമിക് കൗൺസിലിലും ചർച്ച നടത്താതെയാണ് കോഴ്‌സിന് അംഗീകാരം നൽകിയത്.

ഇരട്ട ഡിഗ്രി പ്രോഗ്രാമിന്റെ ഭാഗമായുള്ള Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers എന്ന തലക്കെട്ടിലുള്ള ഐച്ഛിക കോഴ്സ് എൻജിനീയറിങ്ങിൽ ബി.ടെക്കിനു ശേഷം ഇന്റർനാഷനൽ റിലേഷൻസിൽ സ്പെഷലൈസേഷനോടെ എംഎസ് ചെയ്യുന്നവർക്കു വേണ്ടി തയാറാക്കിയതാണ്. ജെഎൻയു കനേഡിയൻ, യുഎസ്, ലാറ്റിനമേരിക്കൻ പഠനകേന്ദ്രം ചെയർപേഴ്സൻ അരവിന്ദ് കുമാറാണ് കോഴ്സ് തയാറാക്കിയത്.

സമഗ്രമായ കോഴ്‌സാണിതെന്നും വിവാദം അനാവശ്യമാണെന്നും വിസി എം ജഗദീഷ് കുമാർ പ്രതികരിച്ചു.

എന്നാൽ ജെഎൻയു ടിച്ചേഴ്‌സ് അസോസിയേഷനും വിദ്യാർഥി സംഘടനകളും വിസിയുടെ പ്രസ്താവനയെ വിമർശിക്കുകയും കോഴ്‌സ് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

ആഗസ്ത് 14 വിഭജന ഭീതി ദിനമായി ആചരിക്കാനും എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News