റിപ്പബ്ലിക് ദിനാഘോഷം; മുഖ്യാതിഥിയായി ബൈഡൻ എത്തിയേക്കില്ല
റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി ബൈഡനെ ക്ഷണിച്ചിട്ടുണ്ടെന്ന് യു.എസ് അംബാസഡർ എറിക് ഗാർസെറ്റിയാണ് പറഞ്ഞിരുന്നത്.
Update: 2023-12-12 14:50 GMT
ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ജനുവരിയിൽ ഇന്ത്യയിൽ എത്തിയേക്കില്ല. ഈ സാഹചര്യത്തിൽ നേരത്തെ നിശ്ചയിച്ച പ്രകാരം നാല് രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡ് ഉച്ചകോടിയും ജനുവരിയിൽ നടക്കാൻ സാധ്യതയില്ല.
റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായി പ്രസിഡന്റ് ബൈഡനെ ക്ഷണിച്ചിട്ടുണ്ടെന്ന് സെപ്റ്റംബറിൽ ഇന്ത്യയിലെ യു.എസ് അംബാസഡർ എറിക് ഗാർസെറ്റിയാണ് പറഞ്ഞിരുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഇന്ത്യ പ്രതികരിച്ചിരുന്നില്ല.
ക്വാഡ് ഉച്ചകോടി ജനുവരിയിൽ ഇന്ത്യയിൽ നടക്കില്ലെന്നും 2024 അവസാനത്തോടെ നടത്താനാണ് ആലോചിക്കുന്നതെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഇന്ത്യ, യു.എസ്, ജപ്പാൻ, ആസ്‌ത്രേലിയ എന്നീ രാഷ്ട്രങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ്.