കള്ളപ്പണം വെളുപ്പിക്കൽ; അനിൽ ദേശ്മുഖിനെതിരായ കേസ് പരിഗണിക്കുന്ന ജഡ്ജിയെ സ്ഥലം മാറ്റി

മഹാരാഷ്ട്രയിൽ നിന്നും 685 കിലോമീറ്റർ ദൂരെയുള്ള യവാത്മൽ ജില്ലയിലേക്കാണ് സ്ഥലമാറ്റം

Update: 2021-11-17 13:37 GMT
Editor : ijas
Advertising

മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസ് പരിഗണിക്കുന്ന ജഡ്ജിക്ക് സ്ഥലമാറ്റം. ജഡ്ജി എച്ച്.എസ് സത്ഭായിയെ ബോംബൈ ഹൈക്കോടതിയാണ് സ്ഥലം മാറ്റിയത്. മഹാരാഷ്ട്രയിൽ നിന്നും 685 കിലോമീറ്റർ ദൂരെയുള്ള യവാത്മൽ ജില്ലയിലേക്കാണ് സ്ഥലം മാറ്റം. അനിൽ ദേശ്മുഖിനെ റിമാന്‍റ് ചെയ്യുന്നതിനുള്ള ഇ.ഡിയുടെ അപേക്ഷകൾ പരിഗണിക്കുന്ന പ്രത്യേക ജഡ്ജിയാണ് എച്ച്.എസ് സത്ഭായി. നവംബർ 1 നാണ് ദേശ്മുഖിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച അദ്ദേഹത്തെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു.

എം.പിമാർക്കും എം.എൽ.എമാർക്കുമെതിരായ കേസുകളും എച്ച്.എസ് സത്ഭായിയാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ജൂലൈ മുതൽ ഇവർക്കെതിരായ കേസുകളിലെ വാദം മുംബൈ സെഷൻസ് കോടതിയിൽ നടക്കുകയായിരുന്നു. തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, എച്ച്എസ് സത്ഭായി, സിറ്റി സിവിൽ കോടതി ജഡ്ജി, മുംബൈയിലെ അഡീഷണൽ സെഷൻസ് ജഡ്ജി എന്നിവരെ സ്ഥലം മാറ്റിയതായി ബോംബെ ഹൈക്കോടതി അറിയിച്ചു. കോടതി വിധി ഉടൻ പ്രാബല്യത്തിൽ വരും.

ദേശ്മുഖിന്‍റെ കേസിന് പുറമേ, സദൻ കുംഭകോണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര മന്ത്രി ഛഗൻ ഭുജ്ബലിനെതിരായ കേസും സത്ഭായി പരിഗണിച്ചിരുന്നു. പിന്നീട് ഒഴിവാക്കുകയും കേസിൽ ഭുജ്ബലിനെയും മറ്റുള്ളവരെയും വെറുതെവിടുകയും ചെയ്തു. സഹകരണ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുൻ ശിവസേന എംപി ആനന്ദ് അദ്‌സുലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയും, എൻ.സി.പി നേതാവും മുൻ മഹാരാഷ്ട്ര മന്ത്രിയുമായ ഏക്‌നാഥ് ഖഡ്‌സെ ഉൾപ്പെട്ട പൂനെ ഭൂമി ഇടപാട് കേസിലും അദ്ദേഹം വാദം കേട്ടിരുന്നു.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News