'ആ പിഴത്തുക കര്‍ഷകര്‍ പിരിച്ചുനല്‍കാമെന്ന് പറഞ്ഞു, എന്‍റെ കണ്ണുനനഞ്ഞു': 5ജി ഹരജിയെ കുറിച്ച് ജൂഹി ചൗള
വേഗമേറിയ നെറ്റ്‌വർക്കിനു വേണ്ടിയുള്ള മത്സരത്തിനിടെ എല്ലാ കമ്പനികളും ചേർന്നു നമ്മെ റേഡിയേഷനിൽ മുക്കിക്കൊല്ലുമെന്ന് ജൂഹി ചൗള
ഇന്ത്യയില്‍ 5ജി സാങ്കേതികവിദ്യ നടപ്പാക്കാക്കുന്നതിനെതിരായ തന്‍റെ ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിന് ശേഷം ആദ്യമായി പ്രതികരണവുമായി നടി ജൂഹി ചൗള. ഹരജി തള്ളിയ കോടതി താരത്തിന് 20 ലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
താന്‍ ചെയ്തത് പബ്ലിസിറ്റി സ്റ്റണ്ട് ആണോയെന്നു നിങ്ങള്‍ തീരുമാനിക്കൂ എന്ന അടിക്കുറിപ്പോടെയാണ് ജൂഹി ചൗള വിഡിയോ പങ്കുവെച്ചത്. 5ജി സാങ്കേതികവിദ്യ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ജൂഹി പറയുന്നത്. മനുഷ്യരുടെയും എല്ലാ ജീവജാലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാനാണ് താന്‍ കോടതിയെ സമീപിച്ചത്. ആരോഗ്യം സംബന്ധിച്ച് തന്‍റെ രാജ്യത്തെ ജനങ്ങളുടെ ആശങ്കകളാണ് താന്‍ ഹരജി നല്‍കിയതിലൂടെ പങ്കുവെച്ചതെന്നും ജൂഹി ചൗള വ്യക്തമാക്കി.
കോടതി നടപടിക്ക് പിന്നാലെ ഒരുവശത്ത് താന്‍ വേദനയിലും ആശയക്കുഴപ്പത്തിലുമായിരുന്നെങ്കില്‍ മറുവശത്ത് ഇതുവരെ കണ്ടിട്ടുപോലുമില്ലാത്ത ആളുകള്‍ പൂര്‍ണ പിന്തുണ നല്‍കിയെന്നും ജൂഹി ചൗള പറഞ്ഞു. മഹാരാഷ്ട്രയിലെ കർഷകരിൽ നിന്നുള്ള സന്ദേശം കണ്ണുനനയിച്ചു. പതിനായിരത്തോളം വരുന്ന കര്‍ഷകര്‍ തനിക്ക് അടയ്ക്കാനുള്ള പിഴത്തുക പിരിച്ചെടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇതുപോലുള്ള നിമിഷങ്ങളോട് ഏറെ കടപ്പെട്ടിരിക്കുന്നു. താന്‍ ഇത്രയും ദിവസം നിശബ്ദത പാലിച്ചു. കാരണം നിശബ്ദതയ്ക്ക് അതിന്റേതായ കാതടപ്പിക്കുന്ന ശബ്ദമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും ജൂഹി ചൗള പറഞ്ഞു.
മുംബൈയിലെ വീടിനു സമീപം 14 മൊബൈൽ ഫോൺ ടവറുകൾ സ്ഥാപിച്ചതു മുതൽ 11 വർഷത്തിനിടെ ഉണ്ടായ മാറ്റങ്ങളെ തുടര്‍ന്നാണ് ഹരജി സമര്‍പ്പിച്ചതെന്ന് ജൂഹി ചൗള വ്യക്തമാക്കി. വീടിനു ചുറ്റുമുള്ള റേഡിയേഷന്റെ അളവ് സ്വകാര്യ ഏജൻസിയെക്കൊണ്ടു പരിശോധിപ്പിച്ചു. അതുവളരെ ഉയർന്ന നിരക്കിലായിരുന്നു. വേഗമേറിയ നെറ്റ്‌വർക്കിനു വേണ്ടിയുള്ള മത്സരത്തിനിടെ എല്ലാ കമ്പനികളും ചേർന്നു നമ്മെ റേഡിയേഷനിൽ മുക്കിക്കൊല്ലും. അങ്ങനെയുള്ളപ്പോൾ എല്ലാവരുടെയും സുരക്ഷയെ കരുതി ചില ചോദ്യങ്ങൾ ഉയർത്തിയതു തെറ്റാണെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോയെന്നും ജൂഹി ചോദിച്ചു.