'ഈ ബെഞ്ച് വാദം കേള്‍ക്കുന്നത് നിങ്ങള്‍ക്കിഷ്ടമല്ല': ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളുടെ അഭിഭാഷകരോട് ജസ്റ്റിസ് കെ.എം ജോസഫ്
"വേനലവധിക്കിടെ ജൂൺ 16ന് ഞാൻ വിരമിക്കും. മെയ് 19 ആണ് എന്റെ അവസാന പ്രവൃത്തി ദിവസം. നിങ്ങള്‍ക്കെല്ലാവര്‍ക്കും സമ്മതമാണെങ്കിൽ, അവധിക്കാലത്ത് കേസ് കേൾക്കാം"
ഡല്‍ഹി: ബില്‍ക്കീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹരജിയില്‍ വാദം കേള്‍ക്കുന്നത് ജസ്റ്റിസ് കെ.എം ജോസഫ് വിരമിക്കുംവരെ നീട്ടിവെയ്പ്പിക്കാന്‍ നീക്കം. പ്രതികളുടെ അഭിഭാഷകരാണ് സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വാദം കേള്‍ക്കുന്നത് നീട്ടിക്കൊണ്ടുപോവാന്‍ ശ്രമിക്കുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി ജസ്റ്റിസ് കെ.എം ജോസഫും ജസ്റ്റിസ് ബി.വി നാഗരത്നയുമടങ്ങിയ ബെഞ്ച് തുറന്നുപറഞ്ഞു- "ഞങ്ങൾ വാദം കേൾക്കുന്നത് അവർ ആഗ്രഹിക്കുന്നില്ല എന്നത് വ്യക്തമാണ്".
ബില്‍ക്കിസ് ബാനുവിന്‍റെ ഹരജിയില്‍ നോട്ടീസ് നല്‍കിയില്ലെന്ന് പ്രതികളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ബെഞ്ച് ഈ നിരീക്ഷണം നടത്തിയത്- "കുറ്റവാളികൾക്കുവേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ ഈ ബെഞ്ച് വാദം കേൾക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാണ്. ഓരോ തവണയും കേസ് വിളിക്കുമ്പോൾ, ഒരാൾ അല്ലെങ്കിൽ മറ്റൊരാൾ വന്ന് മറുപടി പറയാന്‍ സമയം ആവശ്യമാണെന്ന് പറയും. ഇവിടെ എന്താണ് ശ്രമിക്കുന്നതെന്ന് വളരെ വ്യക്തമാണ്. ഈ ബെഞ്ച് വാദം കേൾക്കുന്നത് നിങ്ങൾ ആഗ്രഹിക്കുന്നില്ല. ഇത് ന്യായമല്ല. വിഷയം അന്തിമ തീർപ്പിനായി ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ തവണ ഞങ്ങൾ വ്യക്തമാക്കിയതാണ്. ഓർക്കുക, നിങ്ങൾ എല്ലാവരും (കുറ്റവാളികളുടെ അഭിഭാഷകർ) കോടതിയിലെ ഉദ്യോഗസ്ഥരാണ്. നിങ്ങളുടെ ഉത്തരവാദിത്വം മറക്കരുത്. നിങ്ങൾ കേസില്‍ വിജയിച്ചേക്കാം, പരാജയപ്പെട്ടേക്കാം. പക്ഷെ കോടതിയോടുള്ള കടമ മറക്കരുത്".
കേന്ദ്ര സർക്കാരിനും ഗുജറാത്ത് സർക്കാരിനും വേണ്ടി കോടതിയിൽ ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, തങ്ങൾ ഒരു പ്രത്യേകാവകാശവും ആവശ്യപ്പെടുന്നില്ലെന്നും മാര്‍ച്ച് 27ലെ ഉത്തരവില്‍ പുനപ്പരിശോധനാ ഹരജി നൽകുന്നില്ലെന്നും പറഞ്ഞു. കുറ്റവാളികൾക്ക് ഇളവ് അനുവദിച്ചത് സംബന്ധിച്ച രേഖകൾ ഹാജരാക്കാനാണ് മാർച്ച് 27ന് കോടതി ആവശ്യപ്പെട്ടത്.
ബില്‍ക്കീസ് ബാനുവിന്‍റെ ഹരജിയില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞതിനാല്‍ കേസ് പരിഗണിക്കുന്നത് മെയ് 9ലേക്ക് മാറ്റി- "ഞങ്ങൾ സമയക്രമം നിശ്ചയിക്കുക മാത്രമാണ് ചെയ്യുന്നത്. അതിനാൽ ഏത് കോടതി വിഷയം എടുത്താലും ഈ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് സമയം കളയേണ്ടതില്ല. വേനലവധിക്കിടെ ജൂൺ 16ന് ഞാൻ വിരമിക്കും. മെയ് 19 ആണ് എന്റെ അവസാന പ്രവൃത്തി ദിവസം. സഹോദരി (ജസ്റ്റിസ് നാഗരത്ന) ) മെയ് 25 വരെ സിംഗപ്പൂരിൽ ഒരു കോൺഫറൻസിൽ പങ്കെടുക്കാൻ പോകും. നിങ്ങള്‍ക്കെല്ലാവര്‍ക്കും സമ്മതമാണെങ്കിൽ, ഞങ്ങൾ അവധിക്കാലത്ത് കേസ് കേൾക്കാം"- ജസ്റ്റിസ് ജോസഫ് പറഞ്ഞു.
ബില്‍ക്കിസ് ബാനുവിനായി ഹാജരായ മുതിർന്ന അഭിഭാഷകരായ ഇന്ദിര ജെയ്‌സിങ്ങും വൃന്ദ ഗ്രോവറും ഉൾപ്പെടെയുള്ള അഭിഭാഷകർ, വേനലവധിക്ക് കേസ് പരിഗണിക്കുന്നതിനോട് യോജിച്ചു. അവധിക്ക് മുമ്പായി വിഷയം ലിസ്റ്റ് ചെയ്യണമെന്ന് തുഷാർ മേത്ത കോടതിയോട് അഭ്യർഥിച്ചു. തുടര്‍ന്ന് ജൂലൈ രണ്ടാം വാരത്തിൽ പുതിയ ബെഞ്ച് അന്തിമ വാദം കേൾക്കുമെന്ന് കോടതി അറിയിച്ചു.
2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ കോടതി ശിക്ഷ വിധിച്ച 11 പേരെ മോചിപ്പിച്ചതിനെതിരായ ഹരജിയാണ് കോടതിയുടെ പരിഗണനയിലെത്തിയത്. ഈ കുറ്റകൃത്യം ഭയാനകമാണെന്നും ഇതൊരു സാധാരണ കേസല്ലെന്നും ജസ്റ്റിസ് ജോസഫ് കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു. പ്രതികളെ വിട്ടയക്കുമ്പോൾ കുറ്റകൃത്യത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ പരിഗണിക്കണമായിരുന്നു. പ്രതികളെ വെറുതെ വിട്ടതിന്റെ കാരണങ്ങൾ ഗുജറാത്ത് സർക്കാർ ബോധിപ്പിക്കണമെന്നും മുഴുവൻ രേഖകളും ഹാജരാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിക്കുകയുണ്ടായി.
Summary- It’s obvious they don’t want us to hear case- Justice K M Joseph against convicts advocates on Bilkis Bano’s petition