വീട്ടിൽ വീണു; തെലങ്കാന മുൻ മുഖ്യമന്ത്രി കെ.സി.ആർ ആശുപത്രിയിൽ
തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ പാർട്ടി പ്രവർത്തകരെ കാണുകയായിരുന്നു മുൻ മുഖ്യമന്ത്രി.
ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ആശുപത്രിയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ഹൈദരാബാദിലെ വീട്ടിൽ വീണതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വീഴ്ചയെത്തുടർന്ന് 69കാരനായ അദ്ദേഹത്തിന്റെ ഇടുപ്പിന് പൊട്ടലുണ്ടായതിനാൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. രാത്രി എരവള്ളിയിലെ ഫാം ഹൗസിൽ വീണതിനെ തുടർന്ന് വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ യശോദ ആശുപത്രിയിലെത്തിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ തോൽവിയേറ്റുവാങ്ങിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസമായി വീട്ടിൽ പാർട്ടി പ്രവർത്തകരെ കാണുകയായിരുന്നു മുൻ മുഖ്യമന്ത്രി. ഇതിനിടെയാണ് സംഭവം. അതേസമയം, കെ.സി.ആറിനെ സന്ദർശിക്കാനായി ഹൈദരാബാദിലെ ആശുപത്രിയിലേക്കുള്ള യാത്രയിലാണ് എം.എൽ.എമാർ.
നിയമസഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ കെ.സി.ആറിന്റെ പാർട്ടിയായ ഭാരത് രാഷ്ട്ര സമിതിയെ പരാജയപ്പെടുത്തി കോൺഗ്രസ് അധികാരത്തിലെത്തിയിരുന്നു. 2014 മുതൽ 2023 വരെ തെലങ്കാന മുഖ്യമന്ത്രിയായിരുന്നു കെസിആർ. 64 സീറ്റുകൾ നേടിയാണ് കോൺഗ്രസ് തെലങ്കാനയിൽ ഭരണം പിടിച്ചെടുത്തത്. 39 സീറ്റുകൾ മാത്രമാണ് ബിആർഎസിന് നേടാനായത്.