ദേശീയ പാർട്ടി പ്രഖ്യാപിച്ച് കെ ചന്ദ്രശേഖര റാവു; ഇനി യുദ്ധം കേന്ദ്ര സർക്കാരുമായി
2018 മുതൽ കെ.സി.ആർ കൊണ്ടുനടക്കുന്ന സ്വപ്‌നമാണ് ഇന്ന് നടപ്പിലായത്.
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയും തെലങ്കാന രാഷ്ട്ര സമിതി പ്രസിഡന്റുമായ കെ. ചന്ദ്രശേഖർ റാവു ദേശീയ പാർട്ടി പ്രഖ്യാപിച്ചു. 'ഭാരതീയ രാഷ്ട്ര സമിതി' എന്നാണ് പുതിയ രാഷ്ട്രീയ പാർട്ടിയുടെ പേര്. മുഹൂർത്ത സമയമായ ഉച്ചയ്ക്ക് 1.19നായിരുന്നു ദേശീയ പാർട്ടി പ്രഖ്യാപനം. മിഷൻ 2024 എന്ന പേരിലുള്ള ദേശീയ തെരഞ്ഞെടുപ്പിലേക്കുള്ള ഒരുക്കത്തിന്റെ ഭാഗമായാണ് പുതിയ പാർട്ടി പ്രഖ്യാപനം.
ദേശീയ രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. 2018 മുതൽ കെ.സി.ആർ കൊണ്ടുനടക്കുന്ന സ്വപ്‌നമാണ് ഇന്ന് നടപ്പിലായത്. തുടർ നീക്കങ്ങളുമായി ബന്ധപ്പെട്ട് ഒക്ടോബർ ഒമ്പതിനു ഡൽഹിയിൽ ഒരു പൊതുസമ്മേളനം നടത്താനും ചന്ദ്രശേഖര റാവു ആലോചിക്കുന്നുണ്ട്.
നവംബർ നാലിന് മുനുഗോഡെ ഉപതെരഞ്ഞെടുപ്പാണ് ടി.ആർ.എസ്സിന് മുമ്പിലുള്ള ആദ്യ ലക്ഷ്യം. തുടർന്ന് ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ഡൽഹി തെരഞ്ഞെടുപ്പുകളിലും പാർട്ടി മത്സരിച്ചേക്കും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെലങ്കാനയ്ക്കു പുറത്തുള്ള സംസ്ഥാനങ്ങളിലും പാർട്ടി മത്സരിക്കും.
ചിഹ്നമായി കാറും പിങ്ക് നിറവും നിലനിർത്തിയാണ് ദേശീയപാർട്ടിയിലേക്കുള്ള കാൽവയ്പ്. കഴിഞ്ഞ ഞായറാഴ്ച കെ.സി.ആർ പാർട്ടി നേതാക്കൾക്ക് പ്രത്യേക വിരുന്ന് ഒരുക്കിയിരുന്നു. മന്ത്രിമാരും സംസ്ഥാനത്തെ 33 ജില്ലകളിലെ പാർട്ടി അധ്യക്ഷന്മാരുമാണ് ഇതിൽ പങ്കെടുത്തിരുന്നത്. ശേഷം നടന്ന യോഗത്തിലാണ് ദേശീയ പാർട്ടി രൂപീകരിക്കാനുള്ള തീരുമാനം അദ്ദേഹം നേതാക്കളെ അറിയിച്ചത്.
അതേസമയം, ടി.ആർ.എസിന്റെ പേരുമാറ്റത്തിന്റെ അംഗീകാരത്തിനായി കെ.സി.ആർ ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. പ്രതിപക്ഷ കക്ഷികളുടെ ഐക്യത്തിനായി ഇതിനോടകം മുന്നിട്ടിറങ്ങിയിട്ടുള്ള കെ.സി.ആർ, 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയിതര സർക്കാറിനെ തെരഞ്ഞെടുത്താൽ സൗജന്യ വൈദ്യുതി നൽകുമെന്ന് സെപ്തംബർ അഞ്ചിന് പ്രഖ്യാപിച്ചിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് നിതീഷ് കുമാറിനെ കണ്ട റാവു ബി.ജെ.പി മുക്ത ഭാരതത്തിനായി ആഹ്വാനം ചെയ്തിരുന്നു. ബി.ജെ.പിയെയും കോൺഗ്രസിനെയും തുല്യരീതിയിൽ ആക്രമിക്കുന്ന നേതാവായ കെ.സി.ആർ ഇപ്പോൾ ബി.ജെ.പിക്കെതിരെ നേരിട്ടുള്ള ആക്രമണങ്ങൾക്ക് വേഗത കൂട്ടിയിട്ടുണ്ട്. രാജ്യത്തെ മിക്ക പ്രശ്നങ്ങൾക്കും കാരണം ബിജെപിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.