'ഇൻഡ്യ തലകുനിക്കില്ല' കൂടെയുണ്ട് ജാർഘണ്ഡ്'; സുനിത കെജ്‌രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൽപന സോറൻ
തളരാത്ത ഈ സ്ത്രീകളെ കണ്ട് ബി.ജെ.പി ഭയപ്പെടണം; എ.എ.പി മന്ത്രി അതിഷി
ന്യൂഡൽഹി: മദ്യനയകേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാളിനെ സന്ദർശിച്ച് ജാർഘണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ. ഡൽഹിയിലെ കെജ്രിവാളിന്റെ ഔദ്യോഗിക വസതിയിൽ വച്ചായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച . സുനിത കെജ്‌രിവാളിനെ ആലിംഗനം ചെയ്ത കൽപന സോറൻ അവർക്ക് ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിന് പിന്നാലെ കൽപന സോറൻ സുനിത കെജ്രിവാളുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. സുനിതയുടെ പ്രശ്‌നങ്ങൾ തനിക്ക് മനസിലാക്കാനാകുമെന്നും പിന്തുണയുണ്ടെന്നുമാണ് കൽപന അന്ന് പറഞ്ഞത്. ജനുവരിയിലാണ് ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറനെ ഇ ഡി അറസ്റ്റ് ചെയ്തത്.
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട തങ്ങളുടെ ഭർത്താക്കന്മാരെ കേന്ദ്രം അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തിട്ടും തളരാത്ത ഈ സ്ത്രീകളെ ബിജെപി ഭയപ്പെടണമെന്നാണ് എക്‌സിൽ ഇവരുടെ കൂടിക്കാഴ്ച വിഡിയോ പങ്കുവച്ചുകൊണ്ട് എ.എ.പി മന്ത്രി അതിഷി കുറിച്ചത്.
സുനിത കെജ്രിവാളുമായി സംസാരിച്ച് ധൈര്യം പകരാൻ ശ്രമിച്ചു, ഒരു സുഹൃത്ത് എന്ന നിലയിൽ അവരുടെ പ്രശ്‌നങ്ങൾ തനിക്ക് മനസിലാകും. തെരഞ്ഞെടുപ്പ് സമയത്ത് രണ്ട് മുഖ്യമന്ത്രിമാരുടെ നിയമവിരുദ്ധമായ അറസ്റ്റ് രാജ്യത്തെ സംബന്ധിച്ച് അസാധാരണമാണ്, ജാർഘണ്ഡ് മുഴുവൻ കെജ്‌രിവാളിനൊപ്പം നിൽക്കുന്നു ഇൻഡ്യ തലകുനിക്കില്ല എന്ന് കൽപന സോറനും തന്റെ എക്‌സിൽ കുറിച്ചു.
ജനുവരിയിലാണ് ഭൂമി കുംഭകോണ കേസിൽ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുന്നെ സോറൻ രാജി സമർപ്പിച്ചിരുന്നു. തുടർന്ന് ഗതാഗത മന്ത്രി ചംപൈ സോറാൻ മുഖ്യമന്ത്രിയായി അധികാരമേൽക്കുകയായിരുന്നു.
ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കെജ്രിവാളിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്.