‘ഇത്ര പകയും വെറുപ്പും വേണ്ട’; മുഖത്തടിച്ച സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ പിന്തുണക്കുന്നവർക്കെതിരെ കങ്കണ

‘ഒരു കാരണവുമില്ലാതെ കുറ്റകൃത്യങ്ങൾ സംഭവിക്കില്ല’

Update: 2024-06-08 11:08 GMT
Advertising

ന്യൂഡൽഹി: തന്റെ മുഖത്തടിച്ച സി.ഐ.എസ്.എഫ് കോൺസ്റ്റബിളിനെ പിന്തുണക്കുന്നവർക്കെതിരെ രംഗത്തുവന്ന് ബോളിവുഡ് നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. ഇത്തരക്കാർ ക്രിമിനൽ മാനസിക നിലയുള്ളവരാണെന്നും ഇത്രയധികം വെറുപ്പും പകയും അസൂയയും കൊണ്ടുനടക്കരുതെന്നും അവർ പറഞ്ഞു.

ബലാത്സംഗം ചെയ്യുന്നയാൾക്കും കൊലപാതകിക്കും കള്ളനുമെല്ലാം ഒരു കുറ്റകൃത്യം ചെയ്യാൻ ശക്തമായ വൈകാരികവും ശാരീരികവും മാനസികവും സാമ്പത്തികവുമായ കാരണമുണ്ടാകും. ഒരു കാരണവുമില്ലാതെ കുറ്റകൃത്യങ്ങൾ സംഭവിക്കില്ല. എന്നാലും കുറ്റാക്കാരാണെന്ന് കണ്ടെത്തി അവരെ ജയിലിലടക്കും. രാജ്യത്തെ എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് കുറ്റകൃത്യം ചെയ്യാനുള്ള ശക്തമായ വൈകാരിക പ്രേരണയുള്ള കുറ്റവാളികളെ നിങ്ങൾ പിന്തുണക്കുകയാണ്.

ഒരാളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നതും അനുമതിയില്ലാതെ ശരീരത്തിൽ തൊടുന്നതും അവരെ ആക്രമിക്കുന്നതുമെല്ലാം നിങ്ങൾക്ക് ശരിയാണെന്ന് തോന്നുന്നുവെങ്കിൽ ബലാത്സംഗവും കൊലപാതകവുമെല്ലാം നിങ്ങൾ ശരിയാണെന്ന് അംഗീകരിക്കും. കാരണം അതും ഇത്തരത്തിലുള്ള പ്രവൃത്തി മാത്രമാണ്. നിങ്ങളുടെ മനഃശാസ്ത്രപരമായ ക്രിമിനൽ പ്രവണതകൾ തീർച്ചയായും പരിശോധിക്കണം. യോഗയം ധ്യാനവും സ്വീകരിക്കാൻ നിങ്ങളോട് നിർദേശിക്കുകയാണ്. അല്ലെങ്കിൽ ജീവിതം കയ്പേറിയതും ക്ലേശകരമായ അനുഭവവുമായി മാറുകയും ചെയ്യും. ഇത്രയധികം വെറുപ്പും പകയും അസൂയയും കാണിക്കാതെ നിങ്ങളെ സ്വതന്ത്രരാക്കണമെന്നും കങ്കണ ‘എക്സി’ൽ കുറിച്ചു.

ജൂൺ ആറിന് ഛണ്ഡീഗഢ് എയർപോർട്ടിൽവച്ചാണ് കങ്കണക്ക് അടിയേറ്റത്. ഡൽഹിയിലേക്ക് പോകാനെത്തിയപ്പോൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കങ്കണയുടെ മുഖത്തടിച്ചെന്നാണ് ആരോപണം. സുരക്ഷാ പരിശോധനയ്ക്കിടെയായിരുന്നു സംഭവം.

കുൽവീന്ദർ കൗറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ സർവീസിൽനിന്നു സസ്‌പെൻഡ് ചെയ്തിരിക്കുകയാണ്. കേന്ദ്ര സർക്കാറിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ കങ്കണ ഖലിസ്ഥാനി തീവ്രവാദികളെന്ന് ആക്ഷേപിച്ചതാണു പ്രകോപനത്തിനിടയാക്കിയത്. അതേസമയം, കുൽവീന്ദർ കൗറിന് പിന്തുണയുമായി കർഷക സംഘടനകളടക്കം രംഗത്ത് വന്നിരുന്നു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News