‘മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് പറഞ്ഞിട്ടും അവസരം നൽകി’; വിനേഷ് ഫോഗട്ടിനെതി​രെ വിവാദ പ്രസ്താവനയുമായി കങ്കണ

​മുൻ ബി.ജെ.പി എം.പി ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്തി താരങ്ങളുടെ സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു വിനേഷ് ഫോഗട്ട്

Update: 2024-08-07 06:11 GMT
Advertising

ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സ് ഗുസ്തിയിൽ മെഡലുറപ്പിച്ച ഇന്ത്യൻ താരം വിനേഷ് ഫോഗട്ടിനെ അഭിനന്ദിച്ചുകൊണ്ടുള്ള ബി.ജെ.പി എം.പി കങ്കണ റണാവത്തിന്റെ പോസ്റ്റ് വിവാദത്തിൽ. വനിതാ വിഭാഗം 50 കിലോഗ്രാം ഫ്രീ​സ്റ്റൈൽ ഗുസ്തിയിലാണ് വിനേഷ് ഫൈനലിലെത്തിയത്. ഒളിമ്പിക്സ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഗുസ്തി താരം കൂടിയാണ് ഇവർ. ഇതിന് പിന്നാലെയാണ് ഇവരെ അഭിനന്ദിച്ച് കൊണ്ട് കങ്കണയുടെ പോസ്റ്റ് വരുന്നത്. മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് മുദ്രാവാക്യം വിളിച്ചിട്ടും വിനേഷിന് ഒളിമ്പിക്സിൽ പ​ങ്കെടുക്കാൻ അവസരം നൽകിയതിന് ​പ്രധാനമ​ന്ത്രിയെയും കങ്കണ പുകഴ്ത്തുകയായിരുന്നു.

‘ഇന്ത്യയുടെ ആദ്യ സ്വർണമെഡലിനായി വിരലുകൾ ചേർത്തുപിടിക്കുന്നു. മോദിയുടെ ശവക്കുഴി തോണ്ടുമെന്ന് മുദ്രാവാക്യം മുഴക്കിയ വിനേഷ് ഫോഗട്ടും ഒരുസമയത്ത് പ്രതിഷേധത്തിൽ പ​ങ്കെടുത്തു. എന്നിട്ടും അവർക്ക് രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരവും മികച്ച പരിശീലനവും പരിശീലകരെയും സൗകര്യങ്ങളും നൽകി. അതാണ് ജനാധിപത്യത്തിന്റെ സന്ദര്യവും മികച്ച നേതാവും’ -കങ്കണ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു.

കങ്കണയുടെ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ‘അവരുടെ മനസ്സിൽ വിഷം മാത്രമാണുള്ളത്. അവർക്ക് ഒരിക്കലും ക്രിയാത്മകമായി ചിന്തിക്കാൻ കഴിയില്ല. പ്രതിഷേധ സമരത്തിന്റെ കാരണത്തെക്കുറിച്ച് അവർ മൗനം പാലിക്കുകയാണ്’ -ഒരാൾ എക്സിൽ കുറിച്ചു.

 

‘കങ്കണ രാഷ്ട്രീയ നേട്ടത്തി​നായി തന്റെ ആത്മാവിനെ ബി.ജെ.പിക്കും മോദിക്കും വിറ്റു. വിനേഷ് ഫോഗട്ട് ഒളിമ്പിക്സിൽ ഇന്ത്യക്ക് അഭിമാനമുണ്ടാക്കാനാണ് തന്റെ ആത്മാവിനെ വിറ്റത്. വിനേഷിന്റെ പേര് കങ്കണ തന്റെ വായ കൊണ്ട് ഉച്ചരിക്കുന്നത് തന്നെ അവർക്കുള്ള അനാദരവാണ്’ -മറ്റൊരാൾ എക്സിൽ കുറിച്ചു.

റെസ്‍ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ അധ്യക്ഷനും മുൻ ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ സമരത്തിൽ ഫോഗട്ടും സജീവ പങ്കാളിയായിരുന്നു. ബ്രിജ്ഭൂഷണിനെതിരായ പീഡന പരാതി അന്വേഷിക്കുകയും ഇരകൾക്ക് നീതി ലഭ്യമാക്കുകയും വേണമെന്നാവശ്യപ്പെട്ടായിരുന്നു ഗുസ്തി താരങ്ങൾ ഡൽഹിയിൽ പ്രതിഷേധം നടത്തിയത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ്റങ് പൂനിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു മാസങ്ങൾ നീണ്ട പ്രതിഷേധം. സംഭവത്തിൽ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്.

‘വഴികളിൽ മുള്ളുകൾ സ്ഥാപിച്ചവർ പാഠം പഠിക്കും’

പാരീസ് ഒളിമ്പിക്സിൽ മെഡലുറപ്പിച്ച വിനേഷ് ഫോഗട്ടിനെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദിക്കുന്നത്. രാജ്യത്തിന് എന്നും മഹത്വമേകുന്ന രാജ്യത്തിന്റെ പുത്രിമാരാണിവരെന്ന് മുൻ ഒളിമ്പിക്സ് മെഡൽ ജേതാവ് ബജ്റങ് പൂനിയ പറഞ്ഞു. ‘ഈ പുത്രിമാരുടെ വഴിയിൽ മുള്ളുകൾ സ്ഥാപിച്ചവർ ഇവരിൽനിന്ന് പാഠങ്ങൾ പഠിക്കും. ഭാവിയിൽ അവരുടെ പാതയിൽ മുള്ളുകൾ സ്ഥാപിക്കുന്നതിൽ അവർ വിട്ടുനിൽക്കുകയും ചെയ്യും’ -ബജ്റങ് പൂനിയ എക്സിൽ കുറിച്ചു.

മറ്റൊരു പോസ്റ്റിൽ വിനേഷ് ഫോ​ഗട്ടിനെ സിംഹമാണെന്നാണ് ബജ്റങ് പൂനിയ വിശേഷിപ്പിച്ചത്. വിനേഷിനെ എങ്ങനെയാണ് ചവിട്ടുകയും തകർക്കുകയും തന്റെ രാജ്യത്തിന്റെ ​തെരുവുകളിലൂടെ വലിച്ചിഴച്ചതെന്നും അവർ ഓർമിപ്പിച്ചു. പക്ഷെ, ഈ പെൺകുട്ടി ലോകം കീഴടക്കാൻ പോവുകയാണ്. എന്നാൽ, അവൾ ഈ രാജ്യത്തിന്റെ വ്യവസ്ഥിതിക്ക് മുമ്പിൽ തോറ്റെന്നും ബജ്റങ് പൂനിയ കൂട്ടിച്ചേർത്തു.

 

വിനേഷിനെ അഭിനന്ദിച്ച് മുൻ ഒളിമ്പിക്സ് മെഡൽ ജേതാവ് സാക്ഷി മാലികും രംഗത്തുവന്നു. ‘ഇതെനിക്ക് വളരെ വൈകാരിക നിമിഷമാണ്. ഒരു വർഷത്തെ കഠിനാധ്വാനത്തിന് ശേഷം വിനേഷ് അവളുടെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുന്നു. അവളുടെ സ്വപ്നത്തോടൊപ്പം എന്റെയും കോടിക്കണക്കിന് നാട്ടുകാരുടെയും സ്വപ്നമാണ് സാക്ഷാത്കരിച്ചിരിക്കുന്നത്. ഈ വിജയവും അഭിനന്ദനങ്ങളും നമ്മുടെ പോരാട്ടത്തിൽ കൂടെ നിന്നവർക്കുള്ളതാണ്. എല്ലാവർക്കും വിനേഷിനും ഒരായിരം അഭിനന്ദനങ്ങൾ’ -സാക്ഷി മാലിക് ‘എക്സി’ൽ കുറിച്ചു.

വിനേഷ് ഫോഗട്ടിനെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അഭിനന്ദിച്ചു. ‘വിജയികളുടെ വ്യക്തിത്വം അവർ കളിക്കളത്തിൽ ഉത്തരം നൽകുന്നു എന്നതാണ്. പാരീസിലെ നിങ്ങളുടെ വിജയത്തിൻറെ പ്രതിധ്വനി ഡൽഹിയിൽ വ്യക്തമായി കേൾക്കുന്നുണ്ട്. വിനേഷിൻ്റെയും സഹതാരങ്ങളുടെയും കഴിവുകളെയും പോരാട്ടങ്ങളെയും തെറ്റിദ്ധരിപ്പിച്ചവർക്കും ചോദ്യം ചെയ്തവർക്കുമുള്ള മറുപടിയാണിത്. ചോരക്കണ്ണീരൊഴുക്കിയ ഇന്ത്യയുടെ ധീരപുത്രിക്ക് മുന്നിൽ ഇന്ന് അധികാരവ്യവസ്ഥയാകെ വിവസ്ത്രമായി’ -രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News