തെരഞ്ഞെടുപ്പിൽ കൈ നോക്കാൻ കങ്കണ; മാണ്ഡിയിൽനിന്ന് മത്സരിച്ചേക്കും
ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ട് എങ്കിൽ മത്സരിക്കുമെന്ന് നടി
ഷിംല: ബോളിവുഡ് നടി കങ്കണ റണൗട്ട് സജീവ രാഷ്ട്രീയത്തിലേക്കെന്ന് സൂചന. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മാണ്ഡി മണ്ഡലത്തിൽ നിന്ന് കങ്കണ ജനവിധി തേടുമെന്നാണ് റിപ്പോർട്ട്. ശശി എസ് സിങ് അടക്കമുള്ള തെരഞ്ഞെടുപ്പ് വിദഗ്ധർ ഇതുമായി ബന്ധപ്പെട്ട് എക്‌സിൽ കുറിപ്പ് പങ്കുവച്ചു.
കഴിഞ്ഞ ദിവസം ദ്വാരകാദിഷ് ക്ഷേത്ര സന്ദർശനത്തിനിടെ മത്സരിക്കാനുള്ള സന്നദ്ധത നടി അറിയിച്ചിരുന്നു. ശ്രീകൃഷ്ണന്റെ അനുഗ്രഹമുണ്ട് എങ്കിൽ താൻ മത്സരിക്കും എന്നാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കിയിരുന്നത്. രാമക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് ബിജെപി സർക്കാറിനെ അവർ പ്രശംസിക്കുകയും ചെയ്തു. 600 വർഷത്തെ പോരാട്ടത്തിന് ശേഷമാണ് രാമക്ഷേത്രം യാഥാർത്ഥ്യമാകുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.
'ബിജെപി ഗവൺമെന്റിന്റെ ശ്രമങ്ങളോടെ, 600 വർഷത്തിന് ശേഷം ഈ ദിവസം നമ്മൾക്ക് ലഭിക്കുകയാണ്. ആഘോഷത്തോടെയാണ് നമ്മൾ ക്ഷേത്രം നിർമിക്കുന്നത്. സനാധന ധർമ്മ പതാക ലോകത്തുടനീളം ഉയർത്തപ്പെടും.' - അവർ കൂട്ടിച്ചേർത്തു.
ഹിമാചൽ പ്രദേശിലെ നാലു ലോക്‌സഭാ മണ്ഡലങ്ങളിൽ ഒന്നാണ് മാണ്ഡി. ബിജെപിയുടെ രാം സ്വരൂപ് ശർമ്മയാണ് ഇപ്പോൾ മണ്ഡലത്തിൽനിന്നുള്ള ലോക്‌സഭാംഗം. 2004 മുതൽ 2013 വരെ കോൺഗ്രസിന്റെ കൈവശമുണ്ടായിരുന്ന മണ്ഡലം 2014ലാണ് ബിജെപി പിടിച്ചെടുത്തത്.