'അമേരിക്കക്ക് വേണ്ടി അദ്ദേഹം ബുള്ളറ്റുകൾ നെഞ്ചിലേറ്റുവാങ്ങി'; ട്രംപിന്റെ ധൈര്യത്തെ 'പുകഴ്ത്തി' കങ്കണ റണാവത്ത്
''ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്യും''
ന്യൂഡൽഹി: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ നടന്ന വെടിവെപ്പിൽ പ്രതികരണവുമായി നടിയും എം.പിയുമായ കങ്കണ റണാവത്ത്.
'ഏകദേശം 80 വയസ്സുള്ള ഈ മനുഷ്യൻ, ബുള്ളറ്റുകൾ ശരീരത്തിലേക്ക് തുളഞ്ഞ് കയറിയപ്പോഴും അദ്ദേഹം പറഞ്ഞത് 'അമേരിക്ക ജയിക്കട്ടെ' എന്നായിരുന്നു. ഈ തെരഞ്ഞെടുപ്പിൽ അദ്ദേഹം വിജയിക്കുക തന്നെ ചെയ്യും. അതാണ് വലതു പക്ഷം, അവർ സംഘർഷങ്ങൾ ഒരിക്കലുമുണ്ടാക്കില്ല. പക്ഷേ അത് അവസാനിപ്പിക്കും'. കങ്കണ സോഷ്യൽമീഡിയയിൽ കുറിച്ചു.
ഇൻസ്റ്റഗ്രാം സ്‌റ്റോറിയിലായിരുന്നു ട്രംപിന്റെ ധീരതയെ വാഴ്ത്തിയും പ്രതിപക്ഷത്തെ വിമര്‍ശിച്ചും കങ്കണ പോസ്റ്റ് ചെയ്തത്. ട്രംപിന് വെടിയേൽക്കുന്നതിന്റെ ചിത്രം സഹിതമായിരുന്നു കങ്കണയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി.
'അമേരിക്കക്ക് വേണ്ടി അദ്ദേഹം ആ ബുള്ളറ്റുകൾ സ്വന്തം നെഞ്ചിലേറ്റുവാങ്ങി. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചില്ലായിരുന്നുവെങ്കിൽ, അദ്ദേഹം ഈ കൊലപാതക ശ്രമത്തെ അതിജീവിക്കില്ലായിരുന്നു. വലത് പക്ഷത്തോട് ഇടതുപക്ഷത്തിന്റെ പ്രധാന വിയോജിപ്പ് അക്രമാസക്തമാണ്, അവർ ധർമ്മത്തിനായുള്ള പോരാട്ടത്തെ ഇഷ്ടപ്പെടുന്നു, ഇടതുപക്ഷം അടിസ്ഥാനപരമായി സ്‌നേഹത്തിലും സമാധാനത്തിലും വിശ്വസിക്കുന്നു, അതിനാൽ ഇടതുപക്ഷം ട്രംപിനെ കൊല്ലാൻ ശ്രമിച്ചു, വെറുപ്പിനും അക്രമത്തിനും വിജയിക്കാൻ കഴിയില്ല.' കങ്കണ കുറിച്ചു.
പെൻസിൽവാനിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ട്രംപിന് നേരെ വെടിയുതിർത്തത്. വെടിയുണ്ട ട്രംപിന്റെ ചെവിയിലൂടെ തുളച്ചു കയറുകയായിരുന്നു. ഉടൻ തന്നെ സുരക്ഷാഉദ്യോഗസ്ഥർ അദ്ദേഹത്തെ വളയുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.
ട്രംപിന് നേരെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.എന്റെ സുഹൃത്തിന് നേരെയുണ്ടായ വധശ്രമത്തിൽ വളരെയധികം ആശങ്കാകുലനാണെന്ന് മോദി സോഷ്യൽമീഡിയയായ എക്‌സിൽ കുറിച്ചു. വെടിവെപ്പിൽ പരിക്കേറ്റ ട്രംപ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി ആശംസിച്ചു.
'എന്റെ സുഹൃത്ത് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെയുണ്ടായ ആക്രമണത്തിൽ ആശങ്ക രേഖപ്പെടുത്തുന്നു. സംഭവത്തെ ശക്തമായി അപലപിക്കുന്നു. രാഷ്ട്രീയത്തിലും ജനാധിപത്യത്തിലും അക്രമത്തിന് സ്ഥാനമില്ല. അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ. ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും അമേരിക്കൻ ജനതയ്ക്കും ഒപ്പമുണ്ട്.' മോദി എക്‌സിൽ കുറിച്ചു.