22 വര്‍ഷമായി അഭയകേന്ദ്രത്തില്‍; ചെന്നൈ കണ്ണപ്പാർ തിടലിലെ 250 വോട്ടർമാർ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
പട്ടികജാതി വിഭാഗത്തില്‍ പെട്ട ഇവര്‍ രണ്ട് പതിറ്റാണ്ടിലേറെയായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ പാര്‍പ്പിടത്തിലാണ് താമസിക്കുന്നത്
ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കണ്ണപ്പാര്‍ തിടലിലെ അഭയകേന്ദ്രത്തില്‍ താമസിക്കുന്ന 250 ഓളം വോട്ടര്‍മാര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും. കഴിഞ്ഞ 22 വര്‍ഷമായി അഭയകേന്ദ്രത്തില്‍ താമസിക്കുന്ന ഇവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ബഹിഷ്കരണം. പട്ടികജാതി വിഭാഗത്തില്‍ പെട്ട ഇവര്‍ രണ്ട് പതിറ്റാണ്ടിലേറെയായി അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഇടുങ്ങിയ പാര്‍പ്പിടത്തിലാണ് താമസിക്കുന്നത്. മാറിമാറി വരുന്ന സർക്കാരുകൾ വീട് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും നടപ്പിലായില്ല.
''22 വർഷവും മൂന്ന് മാസവും കഴിഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും പല സമയങ്ങളിൽ ഞങ്ങൾക്ക് വീടുകൾ വാഗ്ദാനം ചെയ്തു, പക്ഷേ ഫലമുണ്ടായില്ല.2019ൽ ഇവിടെ നിന്ന് വിജയിച്ച എംപി ദയാനിധി മാരൻ ഇതുവരെ ഈ അഭയകേന്ദ്രം സന്ദർശിച്ചിട്ടില്ല.വോട്ട് ചോദിക്കാൻ പോലും അദ്ദേഹം ഞങ്ങളുടെ ഇടുങ്ങിയ അഭയകേന്ദ്രത്തിലേക്ക് വന്നിട്ടില്ല. ഞങ്ങൾ അവഗണിക്കപ്പെട്ടു, പിന്നെ എന്തിന് വോട്ട് ചെയ്യണം? ഞങ്ങൾ ചെയ്യില്ല." അഭയകേന്ദ്രത്തില്‍ താമസിക്കുന്ന സെല്‍വം ദ ന്യൂസ് മിനിറ്റിനോട് പറഞ്ഞു. സിറ്റിംഗ് എംപി ഇനി അഭയകേന്ദ്രത്തിലെത്തിയാലും താമസക്കാർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2001ലാണ് എഗ്മൂർ നിയോജക മണ്ഡലത്തിലെ റിപ്പൺ ബിൽഡിംഗിന് സമീപത്തെ തെരുവിൽ താമസിച്ചിരുന്ന 64 കുടുംബങ്ങളെ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ ഒഴിപ്പിച്ച് കണ്ണപ്പാർ തിടലിനടുത്തുള്ള കെട്ടിടത്തിൽ പാർപ്പിച്ചത്.ഇടുങ്ങിയ കെട്ടിടമാണെന്ന് മാത്രമല്ല, ശൗചാലയം പോലുള്ള അടിസ്ഥാന സൗകര്യങ്ങളും ഇവിടെയില്ല. നിലവിൽ 128 കുടുംബങ്ങളാണ് അഭയകേന്ദ്രത്തിൽ കഴിയുന്നത്.എഗ്മൂറിലെ ഉപയോഗശൂന്യമായ വാണിജ്യ സമുച്ചയത്തിൽ ഇൻ-സിറ്റു പ്രോഗ്രാമിന് കീഴിൽ വീടുകൾ നിർമിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ അർബൻ ഹാബിറ്റാറ്റ് ഡെവലപ്‌മെൻ്റ് ബോർഡ് മന്ത്രി ടി എം അന്‍പരശന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ്റെതാണ് ഈ ഭൂമി. പാർക്കിനോ കളിസ്ഥലത്തിനോ തരംതിരിച്ച ഭൂമി വീടുനിർമ്മാണത്തിന് ഉപയോഗിക്കാനാവില്ലെന്നാണ് ജിസിസി ഇപ്പോൾ പറയുന്നതെന്ന് സാമൂഹിക പ്രവർത്തകൻ ജോയൽ ഷെൽട്ടൺ പറഞ്ഞു.